പുതിയ പേരും ഏറ്റില്ല; മലപ്പുറത്തെ 'കടന്നാകുടുങ്ങി റോഡ്' ട്രോളുകളില്‍ താരമായി

By Web TeamFirst Published Jan 28, 2020, 9:55 PM IST
Highlights

ഈചെറിയ റോഡിന് എകദേശം മുപ്പത് വർഷങ്ങൾക്ക് മുമ്പ് നാട്ടുകാർ തന്നെയാണ് റോഡിന് 'കടന്നാകുടുങ്ങി' എന്ന പേര് നൽകിയത്. വെറും കൗതുകം മാത്രമായിരുന്നില്ല, വെറും ആറ് അടി മാത്രം വീതിയിൽ നിർമ്മിച്ചതിനുള്ള പ്രതിഷേധമായിരുന്നു 

മലപ്പുറം: മലപ്പുറം ജില്ലയിലെ കടന്നാകുടുങ്ങി റോഡിന്‍റെ പേരിലെ കൗതുകം ഇന്നും അത്ഭുതം. 'പാലോളിക്കുന്ന് കെ കെ റോഡ്' എന്ന് പുനര്‍നാമകരണം ചെയ്തിട്ടും കടന്നാകുടുങ്ങി എന്ന് വിളിച്ചാലേ നാട്ടുകാര്‍ക്കൊരും ഗുമ്മുള്ളൂ. മലപ്പുറം മൈലപ്പുത്ത് ഈചെറിയ റോഡിന് എകദേശം മുപ്പത് വർഷങ്ങൾക്ക് മുമ്പ് നാട്ടുകാർ തന്നെയാണ് റോഡിന് 'കടന്നാകുടുങ്ങി' എന്ന പേര് നൽകിയത്. വെറും കൗതുകം മാത്രമായിരുന്നില്ല, വെറും ആറ് അടി മാത്രം വീതിയിൽ നിർമ്മിച്ചതിനുള്ള പ്രതിഷേധമായിരുന്നു ആ പേര് കൊണ്ട് നാട്ടുകാർ ഉദ്ദേശിച്ചത്. 

എന്നാൽ കാലങ്ങൾ കഴിഞ്ഞിട്ടും റോഡിന് വീതി കൂടിയില്ലെന്ന് മാത്രമല്ല, ആ പേര് കാട്ടുതീ പോലെ പടരുകയും ചെയ്തു. ആരും ഈ വഴി വന്നാൽ കൗതുകം കൊണ്ട് ചുമ്മാ ഫോട്ടോ എടുത്ത് വെക്കും. സാമൂഹിക മാധ്യമങ്ങൾ സാധാരണമായപ്പോൾ റോഡ് വീണ്ടും പ്രസിദ്ധിയാർജിച്ചു. ഇതിനിടക്ക് ട്രോളുകളിലും റോഡ് സ്ഥാനം പിടിച്ചു. പക്ഷെ വർഷങ്ങൾ കഴിഞ്ഞതോടെ പേര് നൽകിയ നാട്ടുകാർ തന്നെ അത് മാറ്റാൻ തയ്യാറാകുകയായിരുന്നു. 

തുടർന്ന് പാലോളിക്കുന്ന് റെസിഡൻറ്സ് അസോസിയേഷന്റെ കീഴിൽ പുതിയ ബോർഡും ആസാദി ഗേറ്റും സ്ഥാപിച്ചു. പലരും പല പേരുകളും നിർദേശിച്ചെങ്കിലും പഴമയുടെ പുതുമോടിയിൽ പാലോളിക്കുന്ന് കെ കെ റോഡ് എന്നാക്കുകയായിരുന്നു. കെ കെ എന്നതിന്റെ പൂർണരൂപമെന്താണെന്ന് ചോദിച്ചാൽ 'അത് ഞമ്മളെ കടന്നാകുടുങ്ങി' എന്ന് നാട്ടുകാർ തന്നെ പറയും. കാലമെത്ര കഴിഞ്ഞാലും കടന്നാകുടുങ്ങി എന്ന പേരിന്റെ കൗതുകം മാറില്ലെന്ന് ഇവർതന്നെ പറയുന്നു.

click me!