
ആലപ്പുഴ: ഭക്ഷണം കഴിക്കുന്നതിനിടെ മുട്ടക്കറിയുടെ പേരിൽ തർക്കമുണ്ടാക്കി ഹോട്ടലുടമയേയും ജീവനക്കാരിയെയും മാരകമായി മർദിച്ച കേസിൽ രണ്ടുപേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി മരുത്തോർവട്ടം കൊച്ചുവെളി വീട്ടിൽ അനന്തു (27), ഗോകുൽ നിവാസിൽ കമൽ ദാസ് (25) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലിൽ കഴിഞ്ഞ 9ന് വൈകിട്ട് ഭക്ഷണം കഴിക്കാനെത്തിയ പ്രതികൾ മുട്ടക്കറിയെ ചൊല്ലി തർക്കമുണ്ടാക്കുകയും തുടർന്ന് ഹോട്ടലിന്റെ അടുക്കളയിൽ അതിക്രമിച്ചു കയറി കടയുടമയെയും ജോലിക്കാരിയെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
ചപ്പാത്തി പരത്തുന്ന കോലെടുത്ത് കടയുടമയുടെ തലക്കടിച്ച് പരിക്കേല്പിക്കുകയും ചെയ്തു. നരഹത്യാശ്രമത്തിനാണ് മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. മാരാരിക്കുളം പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും സ്റ്റേഷനിലെ സിസിടിവി കാമറ തകർത്ത കേസുകളിലെയും പ്രതികളാണ് ഇരുവരും. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി കെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ചന്ദ്രബാബു, സുനിൽകുമാർ, എ എസ്ഐ മിനിമോൾ, സിവിൽ പൊലീസ് ഓഫിസര്‍മാരായ സരേഷ്, രതീഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam