
നെടുങ്കണ്ടം : റോഡില്‍ മിനി ലോറി തിരിക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്കിലെത്തിയ കൊച്ചുകാമാക്ഷി പ്ലാത്തോട്ടത്തില്‍ ജോബിന്‍ മാത്യു(29) വാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ഇരട്ടയാര്‍- നത്തുകല്ലിലാണ് അപകടം നടന്നത്. മിനി ലോറി റോഡില്‍ തിരിയുന്നതിനിടെ ഇരട്ടയാര്‍ ഭാഗത്തുനിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും ലോറി ഭാഗികമായും തകര്‍ന്നു.
ഗുരുതരമായി പരിക്കേറ്റ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. ജോണി-മേഴ്സി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്‍സി. മകള്‍: ഇസ മരിയ. അതേസമയം, കോട്ടയം ചിങ്ങവനത്ത് ബസിനടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി. യുവതിയുടെ മുടി ടയറിന് അടിയില്‍ കുടുങ്ങിയതോടെയാണ് മുടിമുറിച്ച് കുറിച്ചി സ്വദേശിനി അമ്പിളിയെ രക്ഷിച്ചത്.
ഇന്നലെ വൈകുന്നേരമാണ് നാട്ടുകാരെ ഞെട്ടിച്ച അപകടമുണ്ടാവുന്നത്. എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. സ്കൂള്‍ ബസ് ജീവനക്കാരിയായ അമ്പിളി കുട്ടികളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിച്ച ശേഷം സ്കൂള്‍ ബസിന് അടുത്തേക്ക് തിരികെ വരുന്നതിന് ഇടയില്‍ കെഎസ്ആര്‍ടിസി ബസ് കണ്ട് വേഗത്തില്‍ നടക്കുന്നതിനിടയില്‍ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു.
അമ്പിളിയെ കണ്ട് ബസ് ഡ്രൈവര്‍ വാഹനം വെട്ടിച്ചതിനാല്‍ യുവതിയെ വാഹനം ഇടിച്ചില്ല. എന്നാല്‍ റോഡില്‍ വീണ യുവതിയുടെ മുടി ടയറിനടിയില്‍ കുടുങ്ങുകയായിരുന്നു. സമീപത്ത് തട്ടുകട നടത്തിയിരുന്നയായാള്‍ കത്രിക കൊണ്ട് മുടി മുറിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് കടയില്‍ നിന്ന് കത്തി വാങ്ങി മുടി മുറിച്ചാണ് അമ്പിളിയെ പുറത്തെടുത്തത്. വീഴ്ചയില്‍ അമ്പിളിയുടെ തലയില്‍ ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. ഇത്തിത്താനത്തെ സ്വകാര്യ സ്കൂള്‍ ജീവനക്കാരിയാണ് അമ്പിളി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam