
ഇടുക്കി: വയലറ്റ് വസന്തം തീർത്ത് വട്ടവട കോവിലൂർ മലനിരകളിൽ നീലക്കുറിഞ്ഞികൾ പൂത്തു. കുറിഞ്ഞി പൂക്കാലത്തെ വരവേൽക്കുവാൻ ഒരുക്കങ്ങളുമായി വിവിധ വകുപ്പുകൾ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് പകുതിയോടെ രാജമല അടക്കമുള്ള പ്രദേശങ്ങളിൽ നീലക്കുറിഞ്ഞികൾ പൂക്കുമെന്നാണ് കണക്കു കൂട്ടുന്നത്. എന്നാല്‍ മൂന്നാറിൽ മുന്നൊരുക്കങ്ങൾ നടക്കുമ്പോൾ വട്ടവട കോവിലൂർ മലനിരകളിൽ വയലറ്റ് വസന്തം തീർത്ത് നീലക്കുറിഞ്ഞികൾ വ്യാപകമായി പൂത്തിരിക്കുകയാണ്.
പ്രകൃതി മനോഹാരിതയ്ക്ക് മാറ്റുകൂട്ടി പന്ത്രണ്ട് വർഷത്തിനുശേഷം വൈലറ്റ് വസന്തമെത്തിയിട്ടും വട്ടവടയിലേക്ക് അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല. കുറിഞ്ഞി ഉദ്യാന സംരക്ഷണത്തിനായി മുറവിളി കൂട്ടുന്ന അധികൃതരും വട്ടവടയിലെ മലനിരകളിൽ കുറിഞ്ഞി പൂത്തത് അറിഞ്ഞിട്ടില്ല. കുറിഞ്ഞി കാണാൻ ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികൾക്കുവേണ്ട അടിസ്ഥാന സൗകര്യമൊരുക്കുണമെന്നും പ്രദേശത്തെ ടൂറിസം വികസനത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് ആവശ്യപ്പെട്ടു.
വട്ടവടയിലെ ജനങ്ങൾ നീലക്കുറിഞ്ഞി ദൈവത്തിന്റെ പുഷ്പമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെയുള്ള നീലക്കുറിഞ്ഞികൾ നശിപ്പിക്കാതെ കാവൽ നിൽക്കുന്നതും പ്രദേശവാസികൾ തന്നെയാണ്. മേഖലയിൽ വ്യാപകമായിരിക്കുന്ന യൂക്കാലി മരങ്ങൾ വെട്ടിമാറ്റി കുറിഞ്ഞികൾ സംരക്ഷിക്കണമെന്നതാണ് ജനങ്ങളുടേയും ആവശ്യം.
വനം വകുപ്പിന്റെ നേതൃത്വത്തിൽ കുറുഞ്ഞിപ്പൂക്കൾക്കായി വട്ടവട കേന്ദ്രീകരിച്ചും വിവിധ പദ്ധതികൾ ആവിഷ്കരിച്ചാൽ ഇവിടവും സന്ദർശകരുടെ ഇഷ്ട കേന്ദ്രമാകും. നിലവിൽ ചില കേന്ദ്രങ്ങൾ വനപാലകരുടെ നിയന്ത്രണത്തിലാണ്. എന്നാൽ ഇത്തരം മേഖലകളിൽ കുറുഞ്ഞിപ്പൂക്കൾ പൂത്തിട്ടുമില്ല. സ്വകാര്യ ഭൂമികളിൽ പൂത്തിരിക്കുന്ന കുറുഞ്ഞിപ്പൂക്കൾ സംരക്ഷിക്കാൻ വനപാലകർക്ക് കഴിയാതെ പോയാൽ നീല കുറുഞ്ഞി സംരക്ഷണത്തിന് തിരിച്ചടിയാവും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam