
ആലപ്പുഴ: വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി വെടിവച്ചു. ആലപ്പുഴ പൂച്ചാക്കല്‍ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് ഉളവയ്പ്പ് രണ്ടാം വാർഡിൽ ഗോപിനിവാസിൽ ഗോപിയുടേയും ശോഭനയുടേയും മകൻ ഗോപീഷ് ലാൽ (25) ന് നേരെയാണ് അക്രമി വെടിയുതിർത്തത്. മാടശ്ശേരി നികർത്തിൽ അജയൻ (38) ആണ് ഗോപീഷിന് നേരേ നിറയൊഴിച്ചത്. വ്യാഴാഴ്ച രാത്രി 11.30 ന് ഗോപീഷിന്‍റെ വീടിന് സമീപത്തുള്ള പഞ്ചായത്ത് റോഡിൽ വച്ചായിരുന്നു സംഭവം.
മാതാപിതാക്കളെ പേര് ചൊല്ലി അസഭ്യം പറഞ്ഞ അജയന് നേരേ ഗോപീഷ് ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണം. വീട്ടിലേയ്ക്ക് വരികയായിരുന്ന ഗോപീഷിനെ അജയൻ മറഞ്ഞിരുന്ന് വെടിവയ്ക്കുകയായിരുന്നു. ചോരവാർന്ന് നിലത്ത് വീണ ഗോപീഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഗോപീഷിന്റെ ശരീരത്തിൽ നിന്നും വെടിയുണ്ട എടുക്കുവാനായി സർജറി വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രതിയെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഫോറൻസിക് വിദഗ്ദരുടെ പരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൂച്ചാക്കൽ എസ് ഐ ഷാജൻ എഎസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam