
ഇടുക്കി: ഖജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ജനിച്ചപ്പോൾ ജീവനില്ലാതിരുന്നതിനാൽ കുഴിച്ചിട്ടതാണെന്നാണ് ജാർഖണ്ഡ് സ്വദേശിയായ യുവതി പൊലീസിനോട് പറഞ്ഞത്.
ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് ഖജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിലെ ഏലത്തോട്ടത്തിൽ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. നായ്ക്കൾ പകുതി ഭക്ഷിച്ച് നിലയിലായിരുന്നു മൃതദേഹം. തൊഴിലാളികൾ ഉടൻ തന്നെ വിവരം രാജാക്കാട് പൊലീസിനെ അറിയിച്ചു
രാജാക്കാട് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ജാർഖണ്ഡ് സ്വദേശിയായ പൂനം സോറൻ എന്ന യുവതിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് കണ്ടെത്തി. ശനിയാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ജനിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നുവെന്നും അതിനാലാണ് കുഴിച്ചിട്ടതെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ചാക്കിൽ കെട്ടിയാണ് കുഴിച്ചിട്ടത്. ഇവരുടെ ആദ്യ ഭർത്താവ് ഏഴ് മാസം മുൻപ് മരിച്ചിരുന്നു. ഡിസംബറിൽ മോത്തിലാൽ മുർമു എന്നയാളെ വിവാഹം കഴിച്ചു. യുവതിയുടെ ആദ്യ ബന്ധത്തിൽ ഉള്ളതാണ് കുഞ്ഞ്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് രാജാക്കാട് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള ദമ്പതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam