രാത്രി മാത്രം പുറത്തിറങ്ങുന്ന അവർക്കൊരു പേരും വീണു, നൈറ്റ് ഡ്രോപ്പർ! എല്ലാ പ്ലാനുകളും തകർന്നതും ഒരു രാത്രി

Published : Dec 22, 2023, 11:28 AM IST
രാത്രി മാത്രം പുറത്തിറങ്ങുന്ന അവർക്കൊരു പേരും വീണു, നൈറ്റ് ഡ്രോപ്പർ! എല്ലാ പ്ലാനുകളും തകർന്നതും ഒരു രാത്രി

Synopsis

അർദ്ധരാത്രിയോടുകൂടി മാത്രം പുറത്തിറങ്ങുന്ന ഇവരുടെ വാഹനം അതീവരഹസ്യമായി ഇന്നലെ എക്സൈസ് പിന്തുടർന്നു. തുടർന്ന്, വൈറ്റില പൊന്നുരുന്നി സർവ്വീസ് റോഡിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി മയക്കുമരുന്ന് ഡ്രോപ്പ് ചെയ്യാൻ തുടങ്ങവേ ഇവരെ പെട്ടെന്നുള്ള നീക്കത്തിൽ എക്സൈസ് വളഞ്ഞു

കൊച്ചി: കൊച്ചിയിൽ നൈറ്റ് ഡ്രോപ്പർ സംഘത്തിലെ പ്രധാനികൾ എക്സൈസിന്റെ പിടിയിൽ. പിടിക്കപ്പെടാതിരിക്കാൻ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന സംഘമാണ് നൈറ്റ് ഡ്രോപ്പർ. നേരിട്ടുള്ള ഇടപാടുകൾ ഒഴിവാക്കി, രാത്രിയിൽ മാത്രം പുറത്ത് ഇറങ്ങി, ചില പ്രത്യേക സ്ഥലങ്ങളിൽ മയക്കുമരുന്ന് 'ഡ്രോപ്പ് ' ചെയ്ത ശേഷം ഇടപാടുകാർക്ക് വിവരം നൽകുന്ന രീതിയായിരുന്നു ഇവരുടേത്. 

അർദ്ധരാത്രിയോടുകൂടി മാത്രം പുറത്തിറങ്ങുന്ന ഇവരുടെ വാഹനം അതീവരഹസ്യമായി ഇന്നലെ എക്സൈസ് പിന്തുടർന്നു. തുടർന്ന്, വൈറ്റില പൊന്നുരുന്നി സർവ്വീസ് റോഡിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി മയക്കുമരുന്ന് ഡ്രോപ്പ് ചെയ്യാൻ തുടങ്ങവേ ഇവരെ പെട്ടെന്നുള്ള നീക്കത്തിൽ എക്സൈസ് വളഞ്ഞു. പ്രതികൾ വാഹനം സ്റ്റാർട്ട് ചെയ്ത് കടന്ന് കളയാൻ ശ്രമിച്ചുവെങ്കിലും എക്സൈസ് സംഘം ഡിപ്പാർട്ട്മെന്റ് വാഹനം കുറുകെയിട്ട് സർവ്വീസ് റോഡ് ബ്ലോക്ക് ചെയ്തു.

എന്നിട്ടും അക്രമാസക്തരായ പ്രതികളെ, ഏറെ നേരത്തെ മൽപ്പിടുത്തത്തിന് ശേഷമാണ്  കസ്റ്റഡിയിലെടുക്കുവാനായത്. കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശികളായ ആഷിക് അൻവർ (24 വയസ്സ് ), ഷാഹിദ് (27 വയസ്സ് ), അജ്മൽ (23 വയസ്സ്) എന്നിവരാണ് എക്സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 10 അതിമാരക മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പുകൾ, 0.285 ഗ്രാം എംഡിഎംഎ, 50 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.

ഇവർ മയക്കുമരുന്ന് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന ആഡംബര കാറും, മൂന്ന് സ്മാർട്ട് ഫോണുകളും, 3000 രൂപയും കസ്റ്റഡിയിൽ എടുത്തു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഇവരുടെ ഇടപാടുകൾ അധികവും. ചാറ്റ് ആപ്പുകൾ വഴി മയക്കുമരുന്ന് ആവശ്യപ്പെട്ടാൽ ആദ്യ പടിയായി അക്കൗണ്ടിലേക്ക് പണം അയക്കുവാൻ പറയും. പണം ലഭിച്ചാൽ അധികം ആളുകൾ ശ്രദ്ധിക്കാത്ത ഇടങ്ങളിൽ വെള്ളം നനയാത്ത രീതിയിൽ മയക്കുമരുന്ന് പായ്ക്ക് ചെയ്ത് സുരക്ഷിതമായി ഒളിപ്പിച്ച് വയ്ക്കുന്നതാണ് രീതി.

അതിന് ശേഷം പ്രത്യേക തരം കോഡ് ഉള്ള ഒരു നമ്പറിൽ നിന്ന് ആവശ്യക്കാരന്റെ വാട്ട്സാപ്പിലേക്ക് പാക്കറ്റ് വച്ചിരിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും വച്ചിരിക്കുന്ന  ഫോട്ടോയും അയച്ചു കൊടുക്കും. കൂടാതെ ഡ്രോപ്പ് കംപ്ലീറ്റഡ് എന്ന മെസേജും വരുന്നു. ആവശ്യക്കാരൻ ലൊക്കേഷൻ പ്രകാരം ഈ സ്ഥലത്ത് എത്തി മയക്കുമരുന്ന് എടുത്ത് കൊണ്ട് പോകുകയാണ് ചെയ്തിരുന്നത്.

അടുത്തിടെ പിടിയിലായ ചില യുവാക്കളിൽ നിന്നുള്ള വിവരം വച്ചാണ് ഇവരെ എക്സൈസ് ഇന്റലിജൻസ്  നിരീക്ഷണ വലയത്തിലാക്കിയത്. ഐ ബി ഇൻസ്പെക്ടർ എസ്. മനോജ് കുമാർ, എറണാകുളം റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എൻ ഡി ടോമി, എൻ എം മഹേഷ്, സി ഇ ഒ മാരായ പത്മഗിരീശൻ പി, ബിജു ഡി ജെ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

രാജ്യത്തിനും മലയാളത്തിനും കടുത്ത നിരാശ! ജൂഡ് ആന്‍റണിയുടെ '2018' ഓസ്കറിൽ നിന്ന് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം