'ഒരു സിനിമാ പൂതി' യാഥാർത്ഥ്യമാക്കി, വാർധക്യത്തിലും ആവേശം ചോരാതെ അവർ 'കൊട്ടക'യിലെത്തി

By Web TeamFirst Published Aug 4, 2022, 3:18 PM IST
Highlights

വാര്‍ദ്ധക്യത്തിന്റെ അവശതക്കിടയില്‍ കുഞ്ഞു മനസ്സിന്റെ ആവേശത്തോടെ   അവര്‍ കൂട്ടമായി സിനിമ കാണാന്‍ എത്തി. മടങ്ങിയത് ഏറെ സന്തോഷത്തോടെ. 'മലയന്‍കുഞ്ഞ്' എന്ന സിനിമ കാണാന്‍ നിലമ്പൂര്‍ ഫെയറിലാന്‍ഡ് തിയേറ്ററില്‍ ആണ് ഇവരെ എത്തിച്ചത്

മലപ്പുറം: വാര്‍ദ്ധക്യത്തിന്റെ അവശതക്കിടയില്‍ കുഞ്ഞു മനസ്സിന്റെ ആവേശത്തോടെ   അവര്‍ കൂട്ടമായി സിനിമ കാണാന്‍ എത്തി. മടങ്ങിയത് ഏറെ സന്തോഷത്തോടെ. 'മലയന്‍കുഞ്ഞ്' എന്ന സിനിമ കാണാന്‍ നിലമ്പൂര്‍ ഫെയറിലാന്‍ഡ് തിയേറ്ററില്‍ ആണ് ഇവരെ എത്തിച്ചത്. രാവിലെ ഒമ്പതുമണിയോടെ തന്നെ എല്ലാവരും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം തിയേറ്ററിലെത്തിയിരുന്നു.

നിലമ്പൂര്‍ നഗരസഭ വയോ സൗഹൃദ നഗരസഭയാക്കുന്നതിന്റെ ഭാഗമായാണ്  വയോജനങ്ങളെ സിനിമ കാണാന്‍ എത്തിച്ചത്. 70  വയസ് കഴിഞ്ഞ 205 പേരാണ് സിനിമ കാണാന്‍ എത്തിയത്. പ്രയാധിക്യംമൂലം പലരും തിയേറ്ററുകളിലെത്തി സിനിമ കണ്ടിട്ട് വര്‍ഷങ്ങളായി. ഇതിനാല്‍ തന്നെയാണ് ഇവര്‍ക്ക് പരസ്പരം കാണാനും സൗഹൃദം പങ്കിടാനും ഒന്നിച്ചിരുന്ന് സിനിമ കാണാനും നഗരസഭ അവസരം ഒരുക്കിയത്.  വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെ ബിഗ് സ്‌ക്രീനില്‍ സിനിമ കാണാനും സൗഹൃദം പങ്കിടാനും ലഭിച്ച അവസരം ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങളാണെന്ന് സിനിമ കാണാന്‍ എത്തിയവര്‍ പറഞ്ഞു.

ഇടവേളയില്‍ ഇവര്‍ക്ക് ചായയും ഒരുക്കിയിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് തിയേറ്റര്‍ ഉടമയും ഫിലിം ചേമ്പറുമെല്ലാം സഹകരിച്ച് തീര്‍ത്തും സൗജന്യമായി സിനിമ പ്രദര്‍ശിപ്പിച്ചത്. നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം, സ്ഥിരം സമിതി അധ്യക്ഷരായ   പി എം ബഷീര്‍,കക്കാടന്‍ റഹീം, യു കെ ബിന്ദു, കൗണ്‍സിലര്‍മാര്‍ സെക്രട്ടറി ബിനു ജി എന്നിവരും ഇവര്‍ക്കൊപ്പം സിനിമ കണ്ടു.

Read more: ടിപ്പര്‍ ലോറിയുടെ ക്യാരിയര്‍ വൈദ്യുതി ലൈനില്‍ കുടുങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പഴയ കൊട്ടകളിലും സിനിമ തിയേറ്ററുകളിലുമിരുന്ന് സിനിമകള്‍ കണ്ടവരാണ് ഇതില്‍ ഭൂരിഭാഗവും പുതിയ ടെക്‌നോളജിയില്‍ ബിഗ് സ്‌ക്രീനില്‍ സിനിമ കാണാന്‍ ഇതില്‍ പലര്‍ക്കും ലഭിക്കുന്ന ആദ്യ അവസരം കൂടിയായി സിനിമ പ്രദര്‍ശനം മാറി. സിനിമ കഴിഞ്ഞ് നഗരസഭാ ചെയര്‍മാനും അംഗങ്ങള്‍ക്കുമൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്ത് പരസ്പരം ആശംസകള്‍ നേര്‍ന്നും നഗരസഭ ഒരുക്കുന്ന വയോജനങ്ങള്‍ക്കുള്ള വിനോദയാത്രയില്‍വീണ്ടും കാണാം എന്ന ഉറപ്പും നല്‍കിയാണ് അവര്‍ മടങ്ങിയത്.

Read more: 'വളർത്തു മൃഗങ്ങളിൽ പേ ലക്ഷണങ്ങൾ'; ചത്തത് 4 പശുക്കളും 3 ആടുകളും, വടക്കഞ്ചേരി തെരുവുനായ ശല്യം രൂക്ഷം

click me!