
പത്തനംതിട്ട: കോന്നി ഏരിയ കമ്മിറ്റി അംഗത്തിന്‍റെ മോശം പെരുമാറ്റത്തിനെതിരെ വനിതാ നേതാവ് നൽകിയ പരാതി ജില്ലാനേതൃത്വം അട്ടിമറിക്കുന്നതിനെ ചൊല്ലി പത്തനംതിട്ട സിപിഎമ്മിൽ വിവാദം. കുറ്റക്കാരനെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടും നടപടി അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിലാണ് അതൃപ്തി പുകയുന്നത്. എൻജിഒ യൂണിയൻ നേതാവ് കൂടിയായ വനിതാ അംഗം പരാതി നൽകിയിട്ട് നാല് മാസം പിന്നിടുന്നു.
ഓഗസ്റ്റ് മാസത്തിൽ കോന്നിയിൽ നടന്ന കരിയാട്ടം ഫെസ്റ്റിനിടെ സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗം മോശമായി പെരുമാറിയെന്നാണ് വനിതാ നേതാവ് ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്. സെപ്റ്റംബറിൽ തന്നെ കോന്നി ഏരിയ കമ്മിറ്റിയിൽ നിന്നുള്ള രണ്ടംഗ പാർട്ടി കമ്മീഷൻ പരാതി പരിശോധിച്ചു. ഏരിയ സെന്‍ററിന്‍റെ ചുമതലക്കാരൻ കൂടിയായ നേതാവ് കുറ്റക്കാരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജില്ലാ സെക്രട്ടറി കൂടി പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിൽ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ടും അവതരിപ്പിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിഷയം ചർച്ചയായി. ഗുരുതര സ്വഭാവമുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ നടപടി അനന്തമായി നീണ്ടുപോകുന്നതിൽ യോഗത്തിൽ പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങൾ തന്നെ വിമർശനം ഉന്നയിച്ചെന്നാണ് വിവരം. മാത്രമല്ല ആരോപണവിധേയനായ ഏരിയ കമ്മിറ്റി അംഗം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോന്നിയിലെ നവകേരള സദസ്സിൽ പ്രധാന സംഘാടകനായി നിന്നതിലും പാർട്ടിയിൽ അതൃപ്തി പുകയുകയാണ്. പത്തനംതിട്ട സിപിഎമ്മിലെ പുതിയ ചേരിക്ക് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധിയുടെ വിശ്വസ്തനാണ് ആരോപണവിധേയനായ ഏരിയ കമ്മിറ്റി അംഗം. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അട്ടിമറിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിനും ചില നേതാക്കൾ പരാതി നൽകിയെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam