
കൊച്ചി:കൊച്ചി നഗരത്തിലെ റോഡുകളിൽ മരണക്കുരുക്കായി കേബിളുകൾ. കഴിഞ്ഞ ജൂണിൽ കേബിളിൽ കുരുങ്ങി യുവാവ് മരിച്ചതിനെത്തുടർന്ന് നടപടികളുണ്ടായെങ്കിലും ഇടക്കാലത്ത് നിലച്ചു. ഇടുക്കിയിൽ കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ മധ്യവയസ്കന് പരിക്കേറ്റിരുന്നു. എറണാകുളം ചെമ്പുമുക്കിലെ പോസ്റ്റിൽ നിന്നുള്ള കേബിളിൽ കുരുങ്ങിയാണ് അലൻ എന്ന യുവാവ് മാസങ്ങൾക്ക് മുൻപ് മരിച്ചത്.
ബൈക്കിൽ വന്ന അലന്റെ കഴുത്തിൽ കേബിൾ കുരുങ്ങിയതോടെ നിലത്തേക്ക് വീഴുകയായിരുന്നു. അലൻ മരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും അധികൃതർ പഠിച്ച മട്ടില്ല. തൃക്കാക്കരയിൽ കൊട്ടിഘോഷിച്ച് കേബിളുകൾ മുറിച്ചുമാറ്റിയെങ്കിലും നഗരസഭാ പരിധിയിൽ ഇപ്പോഴും കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയായി കേബിളുകൾ റോഡിലേക്ക് താഴ്ന്നു കിടപ്പുണ്ട്. കൊച്ചി നഗരസഭയുടെ കീഴിലെ റോഡുകളിലും സ്ഥിതി വ്യത്യസ്ഥമല്ല
കെഎസ്ഇബിയുടെ പോസ്റ്റുകളിൽ അനുവാദമില്ലാതെ പല സ്ഥാപനങ്ങളും കേബിൾ സ്ഥാപിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇവയിൽ പലതും മുറിച്ച് മാറ്റി. പലയിടങ്ങളിലും ഉപയോഗമില്ലാത്ത കേബിളുകൾ ഇപ്പോഴുമുണ്ട്. കേബിളുകൾ ടാഗ് ചെയ്യണമെന്ന നിർദേശം കമ്പനികൾ പൂർണമായി പാലിച്ചിട്ടുമില്ല. അലന്റെ മരണത്തിന് പിന്നാലെ അധികൃതർ മുറിച്ചു മാറ്റിയ അനധികൃത കേബിളുകൾ തൃക്കാക്കര നഗരസഭക്ക് സമീപം കൂട്ടിയിട്ടിരിക്കുകയാണ്.നഗരത്തിലെ കേബിൾ കുരുക്ക് ഇപ്പോഴും തുടരുക തന്നെയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam