മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ പ്രതിയായ സി.പി.എം നേതാവ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യാൻ പോലീസും വനംവകുപ്പും മടിക്കുന്നതായി ആരോപണം.
തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ പ്രതിയായ വെള്ളനാട് ശശിയെ കസ്റ്റഡിയിലെടുക്കാൻ പോലീസും വനംവകുപ്പും മടിക്കുന്നതായി ആക്ഷേപം. സി.പി.എം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ശശി പരസ്യമായി പരിപാടികളിൽ പങ്കെടുത്തിട്ടും അധികൃതർ നടപടിയെടുക്കാത്തത് വൻ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽ ശശി പങ്കെടുത്തതായാണ് വിവരം. യോഗത്തിന് ശേഷം തമ്പാനൂരിലെ ഒരു ലോഡ്ജിൽ അദ്ദേഹം തങ്ങിയിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാൻ തയ്യാറായില്ല. തങ്ങളുടെ പക്കൽ നിലവിൽ കേസില്ലെന്നും വിവരം വനംവകുപ്പിന് കൈമാറിയിട്ടുണ്ടെന്നുമാണ് പോലീസിന്റെ വിശദീകരണം.
എന്നാൽ കേസ് രജിസ്റ്റർ ചെയ്ത വനംവകുപ്പാകട്ടെ, പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണെന്ന വാദമാണ് ഉയർത്തുന്നത്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് രേഖപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. എന്നാൽ, ഗുരുതരമായ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സ്വാധീനം മൂലമാണെന്ന് ആക്ഷേപമുയരുന്നുണ്ട്.
മുള്ളൻ പന്നിയെ തല്ലിക്കൊന്നതിന് പിന്നാലെ മുങ്ങിയതാണ് ശശി. കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ളനാട് വാളിയറയിലെ ഒരു വീട്ടിൽ കയറിയ മുള്ളൻ പന്നിയെയാണ് ശശി തല്ലിക്കൊന്നത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നിൽപ്പെട്ട മുള്ളൻ പന്നിയെ കൊന്നതിന് ഏഴു വര്‍ഷം വരെ തടവു കിട്ടാം.


