
കണ്ണൂർ: പൊതുശ്മശാനങ്ങൾ ഇല്ലാത്തതിനാൽ സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാരുടെ വീട്ടുമുറ്റങ്ങൾ ശവപ്പറമ്പുകളായി തുടരുന്നു. മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാത്ത, കണ്ണൂർ കേളകം വാളുമുക്ക് കോളനിയുടെ ദുരവസ്ഥ ഏഴ് വർഷം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കോളനിയില്‍ കാണാന്‍ കഴിയുന്നത് ദയനീയ കാഴ്ചകൾ തന്നെ.
അരയേക്കറിൽ നൂറോളം കുഴിമാടങ്ങൾ നിറഞ്ഞതാണ് കേളകത്തെ വാളുമുക്ക് കോളനി. ശവക്കുഴി വെട്ടാൻ ഇടമില്ലാത്തവരുടെ ദുരിതം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്നു. അടുക്കള പൊളിച്ചാണ് ഈയടുപ്പ് ബന്ധുവിനെ അടക്കിയതെന്നും കോളനിയിലെ ശശി പറയുന്നു. മാറ്റമില്ലാത്ത മറവുകഥ തന്നെ വാളുമുക്ക് കോളനിയിലെ എല്ലാവര്‍ക്കും പറയാനുള്ളത്. ചാവുന്നവരെ ഇനി പുഴയിൽ കൊണ്ടുപോയി കളയേണ്ടിവരും എന്നാണ് മിനി പറയുന്നത്.
Also Read: നിയമന കോഴ ആരോപണത്തില്‍ മലക്കം മറിഞ്ഞ് പരാതിക്കാരന്‍, ഒന്നും ഓർമ്മയില്ലെന്ന് മൊഴി
പൊതുശ്മാശാനമില്ലാത്ത പഞ്ചായത്തുകളുടെ കൂട്ടത്തിലാണ് ഇന്നും കേളകം. ഫണ്ട് വെറുതെയാവുന്നു. ആരും സ്ഥലം വിട്ടുകൊടുക്കുന്നില്ല. പഞ്ചായത്ത് കണ്ടെത്തിയ സ്ഥലത്തേക്ക് നാട്ടുകാർ അടുപ്പിയ്ക്കുന്നുമില്ല. ആദിവാസികളുടെ ഭൂമി കയ്യേറിപ്പോയെന്നും പരാതിയുമുണ്ട്.