
ഇടുക്കി : ഇടുക്കി ഗവൺമെന്‍റ് നഴ്‌സിങ് കോളേജിൽ ഹോസ്റ്റൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും. പ്രിൻസിപ്പാൾ ഓഫീസിന് മുന്നിൽ ഇന്ന് മുതൽ സമരം ആരംഭിക്കും. രണ്ടു ബാച്ചുകളിലായി 120 കുട്ടികളാണ് ഇടുക്കി സർക്കാർ നഴ്സിംഗ് കോളജിൽ പഠിക്കുന്നത്. അടുത്ത മാസം പുതിയ ബാച്ച് ആരംഭിക്കുന്നതോടെ, വിദ്യാര്‍ത്ഥികളുടെ എണ്ണം 180 ആവും. പക്ഷേ നഴ്‌സിങ് കോളേജിന് സ്വന്തമായി ഒരു കെട്ടിടമില്ല. ആവശ്യത്തിന് ക്ലാസ് മുറികൾ, ലാബ്, ലൈബ്രറി ഇങ്ങനെ ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ല.
പെൺകുട്ടികൾക്കുള്ള സ്വകാര്യ ഹോസ്റ്റലിലാകട്ടെ 94 വിദ്യാർത്ഥികള്‍ തിങ്ങി ഞെരുങ്ങി കഴിയുന്നു. ആൺകുട്ടികൾക്ക് ഇതുമില്ല. ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്താത്തതു മൂലം സമീപ പ്രദേശങ്ങളിലെ വീടുകളിൽ താമസിച്ചാണ് അവരുടെ പഠനം. നിരന്തരമായി പരാതിയും പ്രതിഷേധവും ഉയര്‍ന്നതോടെ, പെൺകുട്ടികൾക്ക് മറ്റൊരു സ്ഥലത്ത് ഹോസ്റ്റൽ സൗകര്യം ഒരുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പ് നൽകി. പക്ഷേ പാലിക്കപ്പെട്ടില്ല.ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും സമരത്തിനിറങ്ങേണ്ടി വന്നത്. രാവിലെ മുതല്‍ പ്രിന്‍സിപ്പൽ ഓഫീസിന് മുന്നിൽ സമരമിരിക്കാനാണ് തീരുമാനം. സമരത്തിന് നഴ്സിങ് വിദ്യാർഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam