കൊല്ലം കുണ്ടറയിൽ ഓട്ടോയിൽ യാത്ര ചെയ്യാൻ നിന്ന വീട്ടമ്മയെ സ്വകാര്യ ബസ് ജീവനക്കാരൻ നിർബന്ധിച്ച് ബസ്സിൽ കയറ്റി. തുടർന്ന് വീട്ടമ്മ നൽകിയ പരാതിയിൽ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ജീവനക്കാരൻ കരഞ്ഞ് മാപ്പ് പറഞ്ഞതോടെ അവർ പരാതി പിൻവലിക്കുകയായിരുന്നു.
കൊല്ലം: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെ പിടിച്ചിറക്കി സ്വകാര്യ ബസ്സിൽ കയറ്റിയ ബസ് ജീവനക്കാരനെതിരെ പരാതി. കുണ്ടറ മുക്കടയിൽ ശനിയാഴ്ച രാവിലെ 10.30 ന് ആയിരുന്നു സംഭവം. ഹരിപ്പാട് സ്വദേശി സുധയ്ക്കാണ് ദുരനുഭവം ഉണ്ടായത്. മുക്കടയിൽ നിന്നും ഓട്ടോയിൽ കാഞ്ഞിരകോട് ക്രിസ്തുരാജ് മുക്കിലേക്ക് പോകാൻ നിന്ന സുധയെ സ്വകാര്യ ബസ് ജീവനക്കാരനായ മൺറോതുരുത്ത് സ്വദേശി ബിനു നിർബന്ധിച്ചു ബസ്സിൽ കയറ്റുകയായിരുന്നു.
ബസിൽ വച്ച് സുധയും ബിനുവും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ക്രിസ്ജ്‌തുരാജ് മുക്കിൽ ഇറങ്ങിയ സുധയെ ജീവനക്കാരൻ അസഭ്യം പറയുകയുകയും ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരനെ കുണ്ടറ പോലീസ് വിളിച്ചുവരുത്തി. പൊലീസ് സ്റ്റേഷനിൽ എത്തിയ ബസ് ജീവനക്കാരൻ പക്ഷെ പൊട്ടിക്കരഞ്ഞു. പരാതിക്കാരിയോട് തെറ്റ് ഏറ്റുപറഞ്ഞ് കരഞ്ഞു. ഇതോടെ വീട്ടമ്മ തൻ്റെ പരാതി പിൻവലിച്ചു. തുടർന്ന് പോലീസ് താക്കീതു നൽകി കണ്ടക്ടറെ വിട്ടയച്ചു.


