
ഇടുക്കി: വാഹനസൗകര്യം കുറവായ ഇടുക്കിയിലെ ആദിവാസിമേഖലകളിലെ (Tribal Settlement) സ്കൂളുകൾ (School) കടുത്ത ആശങ്കയിലാണ്. മുമ്പ് കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്ന ഗോത്രസാരഥി പദ്ധതി നിലച്ചതോടെ എന്ത് ചെയ്യുമെന്ന് അധികൃതര്‍ക്കും രക്ഷിതാക്കൾക്കും ഒരുപിടിയുമില്ല. മൂലമറ്റത്തുനിന്ന് വനപാതയിലൂടെ ആറ് കിലോമീറ്ററിലധികം സഞ്ചരിച്ചാലാണ് പതിപ്പള്ളി ട്രൈബൽ സ്കൂളിൽ എത്താനാവുക. ബസ് സർവ്വീസ് ഇല്ലാത്തതിനാൽ ജീപ്പും ഓട്ടോറിക്ഷയുമാണ് കുട്ടികളുടെ ആകെ ആശ്രയം. എന്നാൽ ഈ കൊവിഡ് കാലത്ത് അതിനും പരിമിതികളേറെയാണ്.
അറക്കുളം പഞ്ചായത്തിലെ ആറിലധികം ആദിവാസിക്കുടികളിലെ കുട്ടികളുടെ ഏക ആശയമാണ് പതിപ്പള്ളി ട്രൈബൽ സ്കൂൾ. ഗോത്രസാരഥി പദ്ധതിയിൽപ്പെടുത്തി ജീപ്പ് വിളിച്ചാണ് ഈ കുട്ടികളെ സ്കൂളിലെത്തിച്ചിരുന്നത്. എന്നാൽ കൊവിഡിന് മുമ്പെ തന്നെ സാമ്പത്തിക പ്രതിസന്ധി കാരണം പദ്ധതി നിലച്ചിരുന്നു. നിബന്ധനകളോടെ സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ എങ്ങനെ സ്കൂളിലെത്തിക്കുമെന്നറിയാതെ കുഴയുകയാണ് രക്ഷിതാക്കളും അധികൃതരും.
ഒരു ചാലിന് മാത്രം 800 രൂപ വണ്ടിക്കൂലിയാകും. വൈകുന്നേരമാകുമ്പോൾ 1600 രൂപ കൊടുക്കേണ്ടി വരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായതിനാൽ ഈ തുക താങ്ങാനാവുന്നതിലുമപ്പുറമാണെന്ന് പിടിഎ പ്രസിഡന്റ് ബിജു പറഞ്ഞു. കുട്ടികളെ നിറച്ച് കൊണ്ടുവരാൻ സാധിക്കാത്തതിനാൽ സർക്കാർ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഒരു വാഹനം വേണ്ടിയിരുന്നിടത്ത് രണ്ടോ മൂന്നോ വാഹനം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇടുക്കിയിൽ കൊവിഡ് കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലാകുമെന്നാണ് പഞ്ചായത്തംഗം വേലുക്കുട്ടൻ പറയുന്നത്.
ക്ലാസുകൾ ഉച്ചവരെ, ആഴ്ചയിൽ ആറ് ദിവസം; സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ മാർഗരേഖ
അതേസയം സംസ്ഥാനത്ത് സ്കൂളുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ച്ചയിൽ ആറ് ദിവസം ക്ലാസുകൾ നടത്താൻ ആണ് സർക്കാർ ആലോചിക്കുന്നത്. ക്ലാസുകളെ രണ്ടാക്കി തിരിച്ച്, ഉച്ചവരെയാകും ക്ലാസുകൾ നടത്തുക. ഉച്ചഭക്ഷണമടക്കം സ്കൂളുകളിൽ ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കും. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലായിരിക്കും ക്ലാസുകൾ നടത്തുക. നിർദേശങ്ങളിൽ എല്ലാ വകുപ്പുകളുമായും കൂടിയാലോചിച്ച് റിപ്പോർട്ട് തയാറാക്കാൻ ആരോഗ്യ - വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരടങ്ങുന്ന മൂന്നംഗ സമിതിക്ക് ചുമതല നൽകി. അധ്യാപക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുമായും യോഗം ചേരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam