
തൃശൂര്‍: മണ്ണൂത്തി മുല്ലക്കരയില്‍ ഗൃഹനാഥനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് നാല്‍പ്പത്തിയഞ്ച് പവന്‍ സ്വര്‍ണവും അമ്പതിനായിരം രൂപയും കവര്‍ന്ന മോഷ്ടാക്കളെ പിടികൂടി. മഹാരാഷ്ട്ര പൂനെ സ്വദേശി ആകാശ് ഷിന്‍ഡ, രാജസ്ഥാന്‍ സ്വദേശി മജീദ് എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമെത്തിയാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. ഇതിന് പിന്നാലെ രാജസ്ഥാന്‍ സ്വദേശിയായ മുഖ്യപ്രതി സൂരജ് പവാറിനെ കണ്ടെത്താനും കസ്റ്റഡിയിലെടുക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ഇവരെ കൂടാതെ പ്രതികളായ മറ്റ് രണ്ട് പേര്‍ക്കായും അന്വേഷണം തുടരുകയാണെന്ന് ഒല്ലൂര്‍ എ.സി.പി. കെ.പി. തോംസണ്‍ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍നിന്നും ചരക്ക് ഇറക്കാനെത്തുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ വിവിധ സ്ഥലങ്ങളിലെത്തി കവര്‍ച്ച നടത്തുന്നതാണ് പ്രതികളുടെ സ്ഥിരം ശൈലി. ജൂണ്‍ 7ന് എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം തിരികെ മടങ്ങുന്നതിനിടയില്‍ ദേശീയപാത 544നോട് ചേര്‍ന്ന സ്ഥലമെന്ന നിലയിലാണ് പ്രതികള്‍ ഒല്ലൂക്കര തെരഞ്ഞെടുത്തത്. പാലിയേക്കര പന്ന്യങ്കര ടോള്‍ പ്ലാസകളിലേതടക്കം 22 സി.സി ടിവിക്യാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. പൊലീസ് നടത്തിയ വിദഗ്ദമായ അന്വേഷണം, കൃത്യമായ ആസൂത്രണം, ഒരു മാസത്തോളം നടന്ന തെരച്ചില്‍ ഇതിനെല്ലാം ഒടുവിലാണ് കവര്‍ച്ചാ കേസിലെ പ്രതികള്‍ വലയിലാകുന്നത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, എ.സി.പിമാരായ കെ.പി. തോംസണ്‍, ശശിധരന്‍, സി.ഐ. ബിജു തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയത്.
മുല്ലക്കര ചെറുവാറ സോമശേഖരന്റെ വീട്ടിലാണ് കഴിഞ്ഞ മാസം ഏഴിന് പുലര്‍ച്ചെ വന്‍ കവര്‍ച്ച നടന്നത്. വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തിത്തുറന്ന് അകത്തുകടന്ന മൂന്നംഗസംഘമാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേരാണ് അകത്തുകടന്നതെന്ന് വീട്ടുടമസ്ഥന്‍ വ്യക്തമാക്കിയിരുന്നു. അകത്തുകടന്ന ഉടന്‍ തന്നെ മോഷ്ടാക്കള്‍ സോമശേഖരനെ കിടപ്പുമുറിയില്‍ ബലമായി കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല്‍പ്പത്തിയഞ്ച് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും അമ്പതിനായിരം രൂപയും ഇവര്‍ കവര്‍ന്നു.കഴുത്തില്‍ രണ്ട് പവനോളം വരുന്ന മാലയും കൈയില്‍ മോതിരവും ഉണ്ടായിരുന്നു. ഇവ രണ്ടും മോഷ്ടാക്കള്‍ വലിച്ചെടുത്തു. മോഷ്ടാക്കള്‍ സാധനങ്ങളുമായി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടതിന് പിന്നാലെ സ്വയം കെട്ടഴിച്ചുമാറ്റി പുറത്തേക്ക് ഓടിവന്ന സോമശേഖരന്‍ നാട്ടുകാരെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കവര്‍ച്ച നടക്കുമ്പോള്‍ സോമശേഖരന്‍ വീട്ടില്‍ തനിച്ചായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam