
ഇടുക്കി: കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി അടിമാലി 200 ഏക്കറിലെ മറിയക്കുട്ടി. വീട് വച്ചുതന്നതിനുശേഷം ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയില്ലെന്ന് മറിയക്കുട്ടി ആരോപിച്ചു. പ്രാദേശിക കോൺഗ്രസ് നേതൃത്വം നേതാക്കളെ തെറ്റിദ്ധരിപ്പിച്ചു. കടുത്ത അവഗണന കൊണ്ടാണ് താൻ ബിജെപി അംഗത്വം എടുത്തതെന്നും മറിയക്കുട്ടി പറഞ്ഞു.
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി ശ്രദ്ധ നേടിയ അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ ചേർന്നിരുന്നു. വികസിത കേരളം കൺവൻഷന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പരിപാടിയിൽ മറിയക്കുട്ടി വേദിയിലെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഈ സമയത്താണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചെന്ന് ബിജെപി പ്രഖ്യാപിച്ചത്. നേരത്തെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിർമിച്ചു നൽകിയിരുന്നു.
സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഭീഷണി ഉണ്ടായപ്പോൾ പോലും കോൺഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്നും ബിജെപിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും മറിയക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്കൊപ്പം നിൽക്കാൻ ഒരുപാട് ആളുകൾ ഉണ്ടെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മറിയക്കുട്ടി ബിജെപിയിൽ ചേർന്നതിൽ പരിഹാസവുമായി കെപിസിസി പ്രസിഡന്‍റ് അഡ്വ. സണ്ണി ജോസഫ് രംഗത്തെത്തി. വീടില്ലാത്ത ഒരാൾക്ക് പാർട്ടി ഒരു വീട് വെച്ച് നൽകി. ആ വീട്ടിലെ കിണറ്റിൽ ഒരു പൂച്ച വീണു. ആ പൂച്ചയെ എടുക്കാൻ വേറൊരു പാർട്ടി വന്നു. ഒടുവിൽ വീട്ടുടമ ആ പാർട്ടിയിൽ ചേർന്നപോലെയാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് സണ്ണി ജോസഫ് പരിഹസിച്ചു. വീടില്ലാത്ത എല്ലാവർക്കും വീട് വേണമെന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും സണ്ണി ജോസഫ് പറഞ്ഞു. മറിയക്കുട്ടിക്ക് കോൺഗ്രസ് വീട് വെച്ച് നൽകിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam