
കൊച്ചി: ഉപയോക്താവിനെ തെറ്റിദ്ധരിപ്പിച്ച് തകരാറായ പോളികാർബണേറ്റ് ഷീറ്റുകൾ വിൽപ്പന നടത്തിയതിന് ലോട്ടസ് റൂഫിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ചെന്നൈ)യും, ഡീലർ ആയ ഉദയംപേരൂരിൽ പ്രവർത്തിക്കുന്ന റോയൽ മെറ്റലോയ്ഡ്സ് എന്ന സ്ഥാപനവും ഉപയോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. 2016 ഫെബ്രുവരിയിലാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ശ്രീരാജ് എൻ എൻ, 17,212 രൂപയ്ക്ക് എതിർകക്ഷിയുടെ സ്ഥാപനത്തിൽ നിന്നും ഷീറ്റുകൾ വാങ്ങുകയും 30,600 രൂപ അധികമായി ചെലവഴിച്ചു പണി പൂർത്തിയാക്കിയതും.
എന്നാൽ ഒരു വർഷംകൊണ്ട് തന്നെ ഷീറ്റുകൾക്ക് തകരാറുകൾ സംഭവിക്കുകയും ചോർച്ചയുണ്ടാകുകയും ചെയ്തു. സ്ഥിരമായി പരാതിപ്പെട്ടിട്ടും എതിർ കക്ഷികൾ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്നാണ് ഉപയോക്താവ് കോടതിയെ സമീപിച്ചത്. ഉപയോക്താവിന്റെ വിശ്വാസം നഷ്ടപ്പെട്ടുപോയ സാഹചര്യമാണിത്. ഇത് കേവലം ഉൽപ്പന്നത്തിലെ ദോഷം മാത്രമല്ല, ഉപയോക്താവിന്‍റെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ഉപയോക്താവിന് ചെലവായ തുക തിരികെ നൽകാനും മാനസിക ബുദ്ധിമുട്ടിനും കോടതി ചെലവിനുമായി 15000 രൂപയും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷിക്ക് ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ പി എസ് സിദ്ധാർത്ഥൻ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam