
കൊല്ലം: വരൾച്ച അതി രൂക്ഷമായതോടെ കാട്ടാനകൾ കാടിറങ്ങി ജനവാസ മേഖലയിൽ വിഹരിക്കുന്നു. കാട്ടാനയെ ഭയന്ന് ജീവിക്കേണ്ട ഗതികേടിലാണ് മലയോരജനത. കൊല്ലം കറവൂർ പെരുന്തോയിൽ വീട്ടുമുറ്റത്തെത്തിയ കാട്ടനാക്കൂട്ടത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ ഗൃഹനാഥന്‍റെ കാലൊടിഞ്ഞു. കറവൂർ പെരുന്തോയിൽ മരുതിമൂട്ടിൽ വീട്ടിൽ രാജുവിന്‍റെ (68) കാലാണ് ഒടിഞ്ഞത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം.
വീട്ടുമുറ്റത്ത് ബഹളം കേട്ടതിനെ തുടർന്ന് പുറത്തിറങ്ങി നോക്കിയ രാജുവിന് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നതിനിടെ നിലത്തുവീണാണ് രാജുവിന്‍റെ കാലൊടിഞ്ഞത്.രാജു വീണുകിടന്ന ഭാഗത്തേക്ക് ആനകൾ എത്തിയെങ്കിലും രാജു അദ്ഭുതകരമായി വീണ്ടും രക്ഷപ്പെട്ട് ഓടുകയായിരുന്നു. രാജു പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഉൾവനത്തിൽ അരുവികൾ വറ്റിയതോടെയാണ് കാട്ടാനകൾ ജനവാസമേഖലയിൽ എത്തുന്നത്.
കറവൂർ വനമേഖലയിൽ കാട്ടാനകൾ തമ്പടിച്ചിട്ട് മാസങ്ങളായി. കെ.എഫ്.ഡി.സി യുടെ കശുമാവ്, ഈറ, മുള എന്നിവ ലക്ഷ്യമാക്കിയാണ് കാട്ടാനകൾ എത്തുന്നത്. ഇഞ്ചപ്പള്ളി ഉൾവനത്തിൽ നിനാണ് കാട്ടാനകൾ കൂടുതലായി എത്തുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. വൻ തോതിൽ കാർഷിക വിളകൾ ആന നശിപ്പിക്കുന്നതും പതിവാണ്. രാപകൽ വ്യത്യാസമില്ലാതെ റോഡുകളിൽ കാട്ടാനക്കൂട്ടമിറങ്ങുകയാണ്. തലനാരിഴക്കാണ് പലരും രക്ഷപ്പെടുന്നത്ത്. ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങുമ്പോഴും വനംവകുപ്പിന്റെ ഇടപെടൽ കാര്യക്ഷമമല്ലന്നാണ് ആക്ഷേപം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam