
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന മോഷ്ടാവിനെ കുടുക്കി സിറ്റി പൊലീസ്. കിള്ളിപ്പാലത്ത് നിന്നും ബിജു എന്നയാളുടെ ബൈക്ക് മോഷണം നടത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് കല്ലിയൂർ കാക്കാമൂല നെടിഞ്ഞൽ സിന്ധു നിലയത്തിൽ ശ്രീകാന്തിനെ (40) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു ബൈക്ക് മോഷണം പോയതായി ബിജു പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ശ്രീകാന്തിന്‍റെ വിവരങ്ങൾ ലഭിച്ചതോടെ കല്ലിയൂരുള്ള വീട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ രാത്രികാലങ്ങളിൽ മാത്രം വീട്ടിൽ വന്നു പോകുന്നതാണെന്ന് വ്യക്തമായി. കൂടാതെ, ഇയാൾ മോഷ്ടിച്ച ബൈക്കുമായി തമിഴ്നാട്ടിലേക്ക് കടക്കുവാൻ സാധ്യതയുണ്ടെന്ന് രഹസ്യ വിവരം കൂടി ലഭിച്ചതോടെ ഇന്നലെ രാത്രി നഗരത്തിൽ നിന്നും പ്രതിയെ സാഹസികമായി പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ വഴിയരുകിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾ മോഷ്ടിക്കുകയും ഇതിൽ കറങ്ങി നടന്ന് രാത്രി കാലങ്ങളിൽ ആളില്ലാത്ത വീടുകൾ കുത്തിതുറന്ന് മോഷണം നടത്തി അന്യസംസ്ഥാനങ്ങളിൽ പോയി ആർഭാട ജീവിതം നയിക്കുന്നതുമാണ് ശ്രീകാന്തിന്‍റെ രീതിയെന്നും പൊലീസ് പറയുന്നു.
അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിൽ 66 പവനോളം സ്വർണ്ണാഭരണങ്ങളും 67,000 രൂപയും രണ്ട് മൊബൈൽ ഫോണും മോഷണം പോയ മോട്ടോർ സൈക്കിളും പൊലീസ് പിടിച്ചെടുത്തു. കാട്ടാക്കട, മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ നിന്നും മോഷ്ടിച്ച സ്വർണമെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്ക് നേമം, തമ്പാനൂർ, ഫോർട്ട്, കരമന, പൂന്തുറ, വലിയതുറ, കാഞ്ഞിരംകുളം, വിളപ്പിൽശാല, കാട്ടാക്കട, കൊല്ലം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലും തമിഴ്നാട് സംസ്ഥാനത്ത് നിദ്രവിള പൊലീസ് സ്റ്റേഷനുകളിലുമായി 26 മോഷണ കേസുകൾ നിലവിലുള്ളതാണെന്ന് കണ്ടെത്തി. മറ്റ് ഏതെങ്കിലും സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയിട്ടുണ്ടോ എന്ന് വിശദമായി പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam