
കോഴിക്കോട്: വാര്‍ധക്യ പെന്‍ഷന്‍ വാങ്ങി വരികയായിരുന്ന വയോധികനെ സഹായിക്കാനെന്ന പേരില്‍ ഒപ്പം കൂടി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണവും രേഖകള്‍ അടങ്ങിയ പഴ്‌സും കവര്‍ച്ച ചെയ്ത സ്ഥിരം കുറ്റവാളി പിടിയില്‍. ബേപ്പൂര്‍ ഗോതീശ്വരം കല്ലിങ്ങല്‍ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടില്‍ രതീഷി(45)നെയാണ് ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. ചക്കുംകടവ് നദീനഗര്‍ സ്വദേശി അഭയ കുമാറിനെ കബളിപ്പിച്ചാണ് പ്രതി പണം തട്ടിയെടുത്തത്.
ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വാര്‍ധക്യ പെന്‍ഷന്‍ വാങ്ങി, നിലവില്‍ താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് വരികയായിരുന്നു വയോധികൻ. ഇതിനിടയില്‍ അദ്ദേഹം റോഡരികില്‍ കാല്‍ തെറ്റി വീണു. ആളുകള്‍ ഓടിക്കൂടിയെങ്കിലും ഇതുവഴി വന്ന രതീഷ് താന്‍ സഹായിക്കാമെന്ന് പറഞ്ഞ് അഭയകുമാറിനൊപ്പം കൂടുകയായിരുന്നു. ഫ്‌ളാറ്റിലേക്ക് കൊണ്ടു ചെന്നാക്കാമെന്നേറ്റ ഇയാള്‍ എന്നാല്‍ ആളൊഴിഞ്ഞ വഴിയിലെത്തിയപ്പോള്‍ അഭയ കുമാറിനെ പിടിച്ച് തള്ളിയിടുകയും പെന്‍ഷനായി കിട്ടിയ 4000 രൂപയും രേഖകളടങ്ങിയ പഴ്‌സുമായി കടന്നുകളഞ്ഞു.
വയോധികന്‍ നല്‍കിയ പരാതിയില്‍ ബേപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. രതീഷിനെ ബേപ്പൂര്‍ പരിസരത്തുവെച്ചു തന്നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ ബേപ്പൂര്‍, മാറാട്, നല്ലളം പൊലീസ് സ്റ്റേഷനുകളിലായി വില്‍പ്പനക്കായി മദ്യം കൈവശം വെച്ചതിനും പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിനും ആക്രമണം നടത്തിയതിനും പൊതുസ്ഥലത്തു വെച്ച് മദ്യപിച്ചതിനും ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam