
മലപ്പുറം: കോടതിയുടെ ജാമ്യമില്ല വാറന്റ് നടപ്പാക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമണം അഴിച്ചുവിട്ട കുപ്രസിദ്ധ മോഷ്ടാവും നിരവധി കേസുകളില്‍ പ്രതിയുമായ ഡാനി അയ്യൂബ് (44) പിടിയില്‍. തെന്നല സ്വദേശിയെ ആക്രമിച്ച് രണ്ടു കോടിയോളം രൂപ കവര്‍ന്ന സംഭവത്തില്‍ പങ്കാളിയായ ഇയാള്‍ കേസിലെ നാലാം പ്രതിയാണ്. പരപ്പനങ്ങാടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യമില്ല വാറന്റ് നടപ്പാക്കാന്‍ പോയ താനൂര്‍ സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തത്.
കഴിഞ്ഞ മാസം പിടിയിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി ചെന്നൈയിലേക്ക് മുങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തോടെ ഡാനി താനൂര്‍ ചീരാന്‍ കടപ്പുറത്തെത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ഇയാള്‍ തള്ളിമാറ്റുകയും ആക്രമിക്കുകയും ചെയ്തതോടെ താനൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി. ബിജിത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് ചെയ്തത്.
പരിക്ക് പറ്റിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ താനൂര്‍ ഗവ. ആശു പത്രിയില്‍ ചികിത്സതേടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഡ്യൂട്ടി തടസ്സപെടുത്തിയതിനും ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam