
കോഴിക്കോട്: വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീഴുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സമീപത്തെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വടകര താഴെ അങ്ങാടിയിലെ ചക്കര തെരുവിലെ കാലിച്ചാക്ക് വിപണന കേന്ദ്രത്തിലെ കെട്ടിടമാണ് ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലുള്ളത്. ഇതിന് സമീപത്ത് കൂടിയുള്ള റോഡിലൂടെ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേരാണ് അനുദിനം സഞ്ചരിക്കുന്നത്.
അപകട സാധ്യത മുന്നില്‍ക്കണ്ടാണ് പൊലീസിന്റെ നേതൃത്വത്തില്‍ റോഡ് താല്‍ക്കാലികമായി അടച്ചത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുന്‍പ് ചെറിയ വിള്ളലുകള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് കെട്ടിടം കൂടുതല്‍ അപകടാവസ്ഥയിലായത്. വടകരയിലെ പ്രധാന കാലിച്ചാക്ക് വ്യാപാര കേന്ദ്രമായ ഇവിടെ നിരവധി തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം