പഴകിയ ചോറ്, പൊറോട്ട, 15 കിലോ ബീഫ് ഫ്രെെ..; പരിശോധനയില്‍ ഞെട്ടി അധികൃതര്‍

By Web TeamFirst Published Dec 14, 2018, 11:51 AM IST
Highlights

വൃത്തിഹീനമായ സാഹചര്യത്തില്‍ കൈപ്പഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ചപ്പാത്തി നിര്‍മാണ യൂണിറ്റിന് നോട്ടീസ് നല്‍കി. ഏതാനും സ്ഥാപന ഉടമകളില്‍ നിന്ന് പിഴയും ഈടാക്കി

കല്‍പ്പറ്റ: തദ്ദേശ സ്ഥാപനങ്ങളുടെ മാസങ്ങള്‍ ഇടവിട്ടുള്ള പരിശോധനകളില്‍ വയനാട്ടില്‍ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം പിടികൂടുന്നത് പതിവായി. ഏറ്റവും ഒടുവില്‍ സുല്‍ത്താന്‍ബത്തേരി നഗരസഭ പരിധികളില്‍ ഹോട്ടലുകളില്‍ കടകളിലും നടത്തിയ പരിശോധനയിലാണ് ചിലയിടങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തത്.

വിവിധ ഭക്ഷണശാലകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പഴകിയ ചോറ്, മീന്‍കറി, ചപ്പാത്തി, പൊറോട്ട, 15 കിലോ ബീഫ് ഫ്രെെ, മീന്‍ പൊരിച്ചത്, പഴകിയ എണ്ണ, നിരോധിച്ച പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന നൂല്‍പ്പുട്ട് എന്നിവയാണ് പിടിച്ചെടുത്തത്.

വൃത്തിഹീനമായ സാഹചര്യത്തില്‍ കൈപ്പഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ചപ്പാത്തി നിര്‍മാണ യൂണിറ്റിന് നോട്ടീസ് നല്‍കി. ഏതാനും സ്ഥാപന ഉടമകളില്‍ നിന്ന് പിഴയും ഈടാക്കി. ചെതലയം സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന കെ എം മെസ്, ബീനാച്ചി ഷാര്‍ജ ഹോട്ടല്‍, ദൊട്ടപ്പന്‍കുളം വനിതാ മെസ്, ദൊട്ടപ്പന്‍കുളം മലബാര്‍ ഹോട്ടല്‍, മണിച്ചിറ ഒലീവിയ മെസ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തത്.

ശുചിത്വമില്ലാത്ത അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതും പൊതുജനാരോഗ്യത്തിന് ഹാനീകരവുമാവുന്ന ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് നഗരസഭാ ചെയര്‍മാന്‍ ടി എല്‍ സാബു അറിയിച്ചു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ടി തുളസീധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബി മനോജ്, പി എസ് സുധീര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

കഴിഞ്ഞ മാസം മാനന്തവാടി നഗരസഭയുടെ മത്സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മത്സ്യവില്‍പ്പന നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. മാസങ്ങള്‍ക്ക് മുമ്പ് കല്‍പ്പറ്റ നഗരസഭപരിധിയിലെ ഏതാനും കടകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയിരുന്നു.

അതേസമയം, പരിശോധന കര്‍ശനമാക്കുന്നതോടെ ഇതിനെതിരെ പ്രതിഷേധങ്ങളും ഉണ്ടാകുന്നുണ്ട്. പരിശോധന മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് അശാസ്‍ത്രീയമായ രീതിയിലാണെന്നാണ് ചില ഹോട്ടലുകാര്‍ പറയുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അടക്കം നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന ജില്ലയില്‍ ഹോട്ടലുടമകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. 

click me!