മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് തടയിട്ട് റവന്യൂ വകുപ്പ്

By Web TeamFirst Published Dec 14, 2018, 10:05 AM IST
Highlights

 ഇടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും അനധികൃത നിര്‍മ്മാണങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് സിപിഐ അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു

ഇടുക്കി: മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് തടയിട്ട് റവന്യൂ വകുപ്പ്. പഴയ മൂന്നാറില്‍ തോട് പുറമ്പോക്ക് കയ്യേറി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഉത്തരവിട്ടത്.

ഇടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും അനധികൃത നിര്‍മ്മാണങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് സിപിഐ അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു. പഴയ മൂന്നാറില്‍ തോടിന്‍റെ നീരൊഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിക്കുന്ന കെട്ടിടത്തിനെതിരേ നടപടി സ്വീകരിക്കാത്ത റവന്യൂ വകുപ്പിന്‍റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടവരുത്തിയിരുന്നു.

ഇത്തരം കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും അധികൃതര്‍ കണ്ടിട്ടും കാണാത്ത ഭാവം നടിക്കുന്നതിനെതിരെ മാധ്യമ വാര്‍ത്തകളും പുറത്ത് വന്നതോടെയാണ് മൂന്നാര്‍ മേഖലയില്‍ നടക്കുന്ന അനുമതിയില്ലാത്ത നിര്‍മ്മണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന് സബ് കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. 

നിലവില്‍ ഇത്തരത്തില്‍ നിര്‍മ്മാണം നടക്കുന്ന മൂന്ന് കെട്ടിടങ്ങള്‍ക്കാണ് നിര്‍ത്തിവയ്ക്കല്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. മൂന്നാറില്‍ മണ്ണിടിച്ചലിന് സാധ്യതയുള്ള പ്രദേശത്ത് നടക്കുന്ന നിര്‍മാണങ്ങളാണ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണോയെന്ന് പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

click me!