കുട്ടിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളോട് പറഞ്ഞ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പെർകുസീവ് റെസ്ക്യൂ ടൂൾ ഉപയോഗിച്ച് വാതിൽ ഇടിച്ചു തുറക്കുകയും മിനിറ്റുകൾക്കുള്ളിൽ കുട്ടിയെ പുറത്തെത്തിക്കുകയുമായിരുന്നു.
കോട്ടയം: വീടിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരിയെ രക്ഷപെടുത്തി കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ് സംഘം. ആനക്കല്ല് നരിവേലി തേനംമാക്കൽ ഫിറോസിന്‍റെ മകൾ ഇശലിനെയാണ് സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ നൗഫൽ പി.എയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. കുട്ടി മുറിയ്ക്കുള്ളിൽ കയറി വാതിലടച്ച് ലോക്ക് ഇടുകയായിരുന്നു. ഇതോടെ വീട്ടുകാർ പൊലീസിനെയാണ് ആദ്യം വിവരം അറിയിച്ചത്. പൊലീസ് വിളിച്ചറിയിച്ചതോടെയാണ് സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ നൗഫൽ പി.എയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ഉച്ചയ്ക്ക് ഒന്നരയോടെ കുട്ടിയുടെ വീട്ടിലെത്തിയത്.
ഇവിടെയെത്തുമ്പോൾ വാതിലിന്‍റെ കുറ്റിയെടുക്കാനാവാതെ രണ്ടര വയസുകാരി മുറിയ്ക്കുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. കുട്ടിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളോട് പറഞ്ഞ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പെർകുസീവ് റെസ്ക്യൂ ടൂൾ ഉപയോഗിച്ച് വാതിൽ ഇടിച്ചു തുറക്കുകയും മിനിറ്റുകൾക്കുള്ളിൽ കുട്ടിയെ പുറത്തെത്തിക്കുകയുമായിരുന്നു. ജനൽ തുറന്ന് കിടന്നത് കുട്ടിയുമായി ആശയവിനിമയം നടത്താൻ സഹായകരമായി. നൗഫലിനൊപ്പം മറ്റ് ഉദ്യോഗസ്ഥരായ ശരത് ലാൽ, അജ്മൽ അഷ്റഫ്, ഷെമീർ ,ബിനു, അഖിൽ അയ്യപ്പദാസ്, ജിഷ്ണു, സജി എന്നിവരും ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നു.


