കുറവുകളെ 'സൃഷ്ടി'യിലൂടെ മറികടന്ന് ഈ താരങ്ങള്‍; തോട്ടം മേഖലയുടെ അഭിമാനം

By Jansen MalikapuramFirst Published Dec 14, 2018, 10:48 AM IST
Highlights

അടുത്തകാലത്ത് ഭിന്നശേഷി ക്കാർക്കായുള്ള സ്പെഷൽ ഒളിംപിക്‌സിൽ ഹോക്കിയിൽ അതുല്യമായ പ്രകടനം കാഴ്ചവെച്ച ജെനിത്ത് കുമാർ, പ്രീതി എന്നിവര്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്

ഇടുക്കി: കായിക ലോകത്തിന്  പ്രതിഭകളെ സമ്മാനിച്ച് മൂന്നാർ സൃഷ്ടി [ഡെയർ ] സ്കൂൾ. ഭിന്നശേഷിക്കാർക്കായി നടത്തിയ സ്പെഷൽ ഒളിംപിക്സിൽ ഹോക്കിയിൽ കേരളത്തെ വിജയത്തിലേക്ക് എത്തിച്ചത് സ്കൂളിലെ ജെനിത്ത് കുമാറും, പ്രീതിയുമായിരുന്നു. ദീർഘദൂര ഓട്ടത്തിൽ സി ജോമോൻ, ഹോക്കിയിൽ പ്രീതി, ജെനിത്ത് കുമാർ, സൈക്കിളിംഗിൽ നേട്ടങ്ങൾ കൊയ്ത രാഹുൽ, കായികാധ്യാപിക വിജയലക്ഷ്മി എന്നിവര്‍ നേട്ടങ്ങള്‍ ഓരോന്നായി വെട്ടിപ്പിടിക്കുകയാണ്.

ദീർഘദൂര ഓട്ടത്തിൽ പ്രശംസനീയമായ പ്രകടനം കാഴ്ചവച്ച സിജോ മോൻ ദേശീയ തലത്തിൽ കൂടുതൽ ഉയരങ്ങളിലെത്തുവാനുള്ള തയാറെടുപ്പിലാണിപ്പോള്‍. അടുത്തകാലത്ത് ഭിന്നശേഷി ക്കാർക്കായുള്ള സ്പെഷൽ ഒളിംപിക്‌സിൽ ഹോക്കിയിൽ അതുല്യമായ പ്രകടനം കാഴ്ചവെച്ച ജെനിത്ത് കുമാർ, പ്രീതി എന്നിവര്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

പട്യാലയിൽ വച്ച്  കഴിഞ്ഞ മാസം നടന്ന മത്സരത്തിൽ വിജയികളായ കേരള ഹോക്കി ടീമിനെ നയിച്ചത് ജെനിത്ത് കുമാറായിരുന്നു. ഫൈനലിൽ ജാർഖണ്ഡിനെ തോൽപ്പിച്ചപ്പോൾ മുന്നേറ്റ നിരയിൽ മൂന്നു ഗോളടിച്ച് തിളങ്ങിയതും ജെനിത്താണ്. ഹോക്കിക്ക് അധികം വേരുകളില്ലാത്ത തോട്ടം മേഖലയിൽ നിന്നുള്ള ജെനിത്ത് കുമാർ ദേശീയ ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചു കഴിയുകയാണ്.

വനിതാ വിഭാഗം ഹോക്കിയിൽ തിളങ്ങിയ പ്രീതി, ഹ്രസ്വദൂര ഓട്ടത്തിലും മികവ് പുലർത്തുന്നു. സ്പെഷൽ ഒളിംപിംക്സ് ഹോക്കിയിൽ കേരളത്തിന്റെ വല കാത്തത് പ്രീതിയായിരുന്നു. ജില്ലാ - സംസ്ഥാനതല സൈക്കിളിംഗ് മത്സരത്തിൽ നേട്ടങ്ങൾ കൊയ്ത് സ്പെഷൽ ഒളിംപിക്സിലെത്തി അവിടെ ഒന്നാമതെത്തിയ രാഹുൽ കുമാറും സൃഷ്ടിയുടെ സംഭാവനയാണ്.

ടാറ്റാ ഗ്ലോബൽ ബിവറേജസിന്‍റെ ഭാഗമായ സൃഷ്ടി വെൽഫെയർ ട്രസ്റ്റിന്റെ വിവിധ യൂണിറ്റുകളിലാണ് ഇവരുടെ കർമ്മ വീഥി.  സിജോ തയ്യൽ, ഡൈ നിർമ്മാണം യൂണിറ്റിലും ജെനിത്ത് പേപ്പർ, ഫയൽ നിർമ്മാണ യൂണിറ്റിലും, രാഹുൽ കുമാർ സ്ട്രോബറി യൂണിറ്റിലുമാണ് ജോലി ചെയ്യുന്നത് . പ്രീതി ഡെയർ സ്കൂൾ വിദ്യാർത്ഥിയാണ്.

വർഷങ്ങളുടെ അനുഭ  സമ്പത്തുമായി ഭിന്നശേഷിക്കാരായ കുട്ടികളെ കായിക രംഗത്ത് ദേശീയ ഉയരങ്ങളിലെത്തിച്ചത് പരിശീലകയായ വിജയലക്ഷ്മിയാണ്. ഇവര്‍ 1993 മുതൽ സൃഷ്ടിയുടെ ഭാഗമാണ്. ഭാരോദ്വഹന താരമായിരുന്നു വിജയലക്ഷ്മി. ദേശീയ കായിക രംഗത്ത് മേൽവിലാസം പതിപ്പിച്ച് ഭിന്നശേഷിക്കാരായ കുട്ടികളിലൂടെ സൃഷ്ടി വെൽഫെയർ ട്രസ്റ്റ് തിളങ്ങുമ്പോൾ തോട്ടം മേഖലയ്ക്കും അഭിമാനമാവുകയാണ്.  

പരിശീലകരായ വിക്ടോറിയ വിജയകുമാർ, സൂസൻ വർഗീസ്, നീല ഗുഹ തർക്കുത്ത, പ്രിയ കരിയപ്പ, വസുമതി രംഗരാജൻ, ചുടലമുത്തു രാമസ്വാമി എന്നിങ്ങനെ ഇവര്‍ക്ക് പിന്തുണയുമായി നിരവധി പേരുമുണ്ട്. കായിക രംഗത്ത് മികച്ച നേട്ടങ്ങള സ്വന്തമാക്കി താരങ്ങളെയും പരിശീലകയെയും കെഡിഎച്ച്പി മനേജിംഗ് ഡാറക്റർ മാത്യു ഏബ്രഹാം, പത്നി ഗീത മാത്യു എന്നിവർ പ്രശംസ പത്രവും ട്രോഫികളും നൽകി ആദരിച്ചു. 

click me!