
ആലപ്പുഴ: കാലഹരണപ്പെട്ട് ഉപയോഗ ശൂന്യമായ കെഎസ്ആർടിസിയുടെ ബസുകൾ ആക്രിവിലയ്ക്ക് നൽകൽ തുടങ്ങി. ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ ഇതുമായി ബന്ധപെട്ട് 20 ബസുകൾ വിറ്റു. ആലപ്പുഴ - കോട്ടയം ജില്ലയിലെയും ഉപയോഗ ശൂന്യമായ നിരവധി ബസുകൾ ചേർത്തല ഡിപ്പോയിൽ എത്തിച്ച് സൂക്ഷിക്കുകയായിരുന്നു. ഇതിൽ നിന്നാണ് തീർത്തും ഉപയോഗ യോഗ്യമല്ലാത്തവ ആക്രി വിലയ്ക്ക് നൽകുന്നത്. 45 ബസുകൾ ആകെ ഇതിനോടകം എത്തിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ആസ്ഥാനത്തു നിന്നാണ് ഇടപാടുകളെല്ലാം. എൻജിൻ നമ്പർ പ്ലേറ്റ് ഉൾപ്പെടെ അഴിച്ചുനീക്കിയ ശേഷമാണ് ബസ് നൽകുക. വാങ്ങുന്നവർ ക്രെയിൻ ഉപയോഗിച്ചാണ് കൊണ്ടുപോകുന്നത്. ബസ് അതുപോലെ തന്നെ കടളാക്കി മാറ്റുകയും പൊളിച്ചു വിൽക്കലുമാണ് ഉദ്ദേശം. പാലക്കാട്, തമിഴ്നാട് മേഖലയിൽ നിന്നുള്ളവരാണ് ബസ് എടുത്തിരിക്കുന്നത്. ബസിന്റെ ഭാരം അടിസ്ഥാനമാക്കിയാണ് വില നിശ്ചയിച്ചു നൽകുന്നത്.
കുറച്ചെങ്കിലും ഉപയോഗ യോഗ്യമായ ബസ് രൂപമാറ്റം വരുത്തി കടകളായി ഉപയോഗിക്കുന്നതിന്റെ നടപടികൾ കെഎസ്ആർടിസി തുടങ്ങിയിരുന്നു. മിൽമ ബൂത്തിനായി ഒരു ബസ് തയാറാക്കുന്നുണ്ട്. രണ്ടു ബസുകൾ ചേർത്തല പോളിടെക്നിക് കോളജിനു സമീപം ബൈപ്പാസ് റൈഡർ ബസുകൾക്കുള്ള കാത്തിരിപ്പുകേന്ദ്രമായും ഉപയോഗിക്കുന്നുണ്ട്. ഇത് വേണ്ട രീതിയിൽ പൊതു ജനങ്ങൾ ഉപയോഗപ്രദമാക്കുന്നില്ലെന്ന് പരക്കെ ആക്ഷേപം ഉണ്ട്.