
ആലപ്പുഴ: ചെങ്ങന്നൂർ സ്വദേശിയായ സ്വകാര്യ കമ്പനി ജീവനക്കാരനിൽനിന്ന് 'ഡിജിറ്റൽ അറസ്റ്റ്' എന്ന പേരിൽ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി 20.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാൾ അറസ്റ്റിൽ. കർണാടക മൈസൂർ സ്വദേശിനിയായ ചന്ദ്രികയെയാണ് (21) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പൊലീസ് ആണെന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. നേഹ ശർമ്മ എന്ന പേരിൽ പരാതിക്കാരനെ വാട്‌സ്ആപ്പ് കോൾ വഴി ബന്ധപ്പെട്ട പ്രതികൾ, ഇദ്ദേഹത്തിന്റെ പേരിൽ ആരോ വ്യാജമായി മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും തുടങ്ങി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും അതിന് പ്രതിഫലമായി 25 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ തെളിവുകൾ മുംബൈ പൊലീസിന്റെ പക്കലുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
ഇതോടെ പരാതിക്കാരനെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് തെളിവായി പരാതിക്കാരന്റെ പേരിലുള്ള വ്യാജ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും എ ടി എം കാർഡിന്റെ ഫോട്ടോയും മറ്റും സോഷ്യൽ മീഡിയ വഴി അയച്ചുനൽകി വിശ്വാസം നേടിയെടുത്തു. പരാതിക്കാരൻ തങ്ങളുടെ കസ്റ്റഡിയിൽ ആണെന്നും മറ്റു ബാങ്ക് അക്കൗണ്ടുകളിൽ പണമുണ്ടെങ്കിൽ ഉടനെ അവർ പറയുന്ന അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും പരിശോധനയ്ക്ക് ശേഷം പണം തിരികെ നൽകുമെന്നും അറിയിച്ചതോടെയാണ് പരാതിക്കാരൻ 20,50,800 രൂപ തട്ടിപ്പുകാർ നൽകിയ രണ്ടു ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചുനൽകിയത്. പണം തിരികെ ലഭിക്കുന്നതിനായി ബന്ധപ്പെട്ടപ്പോൾ തട്ടിപ്പുകാർ പ്രതികരിക്കാതിരുന്നതോടെയാണ് കബളിക്കപ്പെട്ടതായി മനസിലായത്.
പരാതിയെ തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐ പി എസിന്റെ നിർദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പരാതിക്കാരന് നഷ്ടമായ പണം അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായ ചന്ദ്രിക. അന്വേഷണത്തിൽ നഷ്ടപ്പെട്ട തുകയിൽ 11.5 ലക്ഷം രൂപ പ്രതി തന്റെ ഉപയോഗത്തിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയതായി കണ്ടെത്തി. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എ എസ്ഐ സജി ജോസ്, സീനിയർ സി പി ഒ ഷിബു എസ് എന്നിവർ മൈസൂർ അശോകപുരത്തുള്ള പ്രതിയുടെ വാസസ്ഥലത്തെത്തി നോട്ടീസ് നൽകിയെങ്കിലും പ്രതി ഹാജരായില്ല. ഇതേത്തുടർന്ന് മൈസൂരിലെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പർ വെസ്റ്റ് ബംഗാൾ സ്വദേശിയായ സുരോജിത് ഹൽദർ എന്നയാളുടെ പേരിലുള്ളതാണെന്നും ഇയാളെക്കുറിച്ച് അന്വേഷിച്ചു വരുന്നതായും പൊലീസ് അറിയിച്ചു. പണം അയച്ചുവാങ്ങിയ മറ്റൊരു പ്രതി ആന്ധ്രാപ്രദേശിൽ ഉള്ളതായും അന്വേഷണം നടക്കുന്നുണ്ട്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്‌പി എംഎസ് സന്തോഷിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി ജോർജ്ജ്, സബ് ഇൻസ്പെക്ടർ ശരത് ചന്ദ്രൻ വി എസ്, സി പി ഓ മാരായ റികാസ് കെ, വിദ്യ ഒ കെ, ആരതി കെ യു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിന് ശേഷം മൈസൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറന്റോടെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രഞ്ജിത്ത് കൃഷ്ണൻ എൻ മുമ്പാകെ ഹാജരാക്കി. ഈ പ്രതിയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് മഹാരാഷ്ട്ര സംസ്ഥാനത്ത് മറ്റ് നാല് പരാതികൾ കൂടി നിലവിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam