ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് ഒന്നര വയസുകാരന് ദാരുണാന്ത്യം

By Web TeamFirst Published Aug 12, 2022, 9:18 PM IST
Highlights

ചെറുതുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വെള്ളയൂർ വീട്ടിൽ വിജേഷിന്റെ മകൻ വിദേവ് ചന്ദ്രനാണ് മരിച്ചത്

മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് ഒന്നര വയസ്സുകാരൻ മരിച്ചു. ചെറുതുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വെള്ളയൂർ വീട്ടിൽ വിജേഷിന്റെ മകൻ വിദേവ് ചന്ദ്രനാണ് മരിച്ചത്. ഭക്ഷണം കൊടുക്കുമ്പോൾ കുട്ടിക്ക് ചുമയുണ്ടായതാണ് പ്രശ്നമായത്. ചുമച്ചതോടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ആദ്യം അടുത്തുള്ള ചെറിയ ആശുപത്രിയിൽ കാണിച്ച ശേഷം പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തുടങ്ങവെയാണ് കുട്ടി മരിച്ചതെന്നാണ് വ്യക്തമാകുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഒരാഴ്ചത്തെ തെരച്ചില്‍; ഗ്രാമ്പിയില്‍ കാട്ടരുവിയിൽ വീണ് കാണാതായ ആദിവാസി ബാലന്‍റെ മൃതദേഹം കണ്ടെത്തി

അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത വണ്ടിപ്പെരിയാർ ഗ്രാമ്പിയില്‍ കാട്ടരുവിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസി ബാലൻറ മൃതദേഹം കണ്ടെത്തിയെന്നതാണ്. ഗ്രാമ്പി എസ്റ്റേറ്റിന് സമീപം താമസിക്കുന്ന മാധവന്‍റെയും ഷൈലയുടെയും മകൻ അജിത് എന്ന പത്തു വയസുകാരനാണ് മരിച്ചത്. ഒരാഴ്ചയോളം നീണ്ട തെരച്ചിലെിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആദിവാസി ബാലനെ കാട്ടരുവിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത് ഈ മാസം അഞ്ചാം തിയതിയായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോളാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ആദ്യ ദിവസങ്ങളിലെ തെരച്ചില്‍ പാതിവഴിക്ക് നിര്‍ത്തേണ്ടി വന്നിരുന്നു. മഴ കനത്തതോടെയുണ്ടായ മലവെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെ യാത്ര ചെയ്താല്‍ മാത്രമേ കുട്ടി ഒഴുക്കില്‍പ്പെട്ട ഭാഗത്ത് എത്താന്‍ സാധിക്കുകയുള്ളുവെന്നതും തെരച്ചിലിന് വെല്ലുവിളിയായിരുന്നു. ആദ്യ ദിവസം നേരം ഇരുട്ടിയതോടെ കുട്ടിക്കായുള്ള തെരച്ചില്‍ നിര്‍ത്തിവച്ചെങ്കിലും രണ്ടാം ദിവസം മുതല്‍ എൻ ഡി ആര്‍ എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായി തെരച്ചില്‍ തുടര്‍ന്നിരുന്നു. രണ്ട് ടീമായി തിരിഞ്ഞ് തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ഇന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്‍റെ കുട്ടിക്കാനത്തെ ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ ടീമും, ഫോയ‍ ഫോഴ്സും പോലീസും വനത്തിനുള്ളില്‍ നടത്തിവന്ന തെരച്ചിലിനൊടുവിലാണ് കാട്ടരുവിയില്‍ നിന്നും ഇന്ന്  മൃതദേഹം കണ്ടെത്തിയത്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് മൃതദേഹം കണ്ടെത്താനായതെന്ന് കുട്ടിക്കാനം പൊലീസ് പറഞ്ഞു. 

റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചു

click me!