Asianet News MalayalamAsianet News Malayalam

ഒരാഴ്ചത്തെ തെരച്ചില്‍; ഗ്രാമ്പിയില്‍ കാട്ടരുവിയിൽ വീണ് കാണാതായ ആദിവാസി ബാലന്‍റെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോൾ കുട്ടി ഒഴുക്കിൽപ്പെട്ടത്. പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. 

missing tribal child dead body found from river in idukki vandiperiyar
Author
Vandiperiyar, First Published Aug 12, 2022, 8:19 PM IST

വണ്ടിപ്പെരിയാര്‍: ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ ഗ്രാമ്പിയില്‍ കാട്ടരുവിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസി ബാലൻറ മൃതദേഹം കണ്ടെത്തി. ഗ്രാമ്പി എസ്റ്റേറ്റിന് സമീപം താമസിക്കുന്ന മാധവൻറയും ഷൈലയുടെയും മകൻ അജിത് എന്ന പത്തു വയസുകാനാണ് മരിച്ചത്. ഒരാഴ്ചയോളം നീണ്ട തെരച്ചിലൊനടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ആദിവാസി ബാലനെ കാട്ടരുവിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോൾ കുട്ടി ഒഴുക്കിൽപ്പെട്ടത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്.  പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ആദ്യ ദിവസങ്ങളിലെ തെരച്ചില്‍ പാതിവഴിക്ക് നിര്‍ത്തേണ്ടി വന്നിരുന്നു. മഴ കനത്തതോടെയുണ്ടായ മലവെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.

മൂന്ന് കിലോമീറ്ററോളം വനത്തിലൂടെ യാത്ര ചെയ്താല്‍ മാത്രമേ കുട്ടി ഒഴുക്കില്‍പ്പെട്ട ഭാഗത്ത് എത്താന്‍ സാധിക്കുകയുള്ളുവെന്നതും തെരച്ചിലിന് വെല്ലുവിളിയായിരുന്നു. ആദ്യ ദിവസം നേരം ഇരുട്ടിയതോടെ കുട്ടിക്കായുള്ള തെരച്ചില്‍ നിര്‍ത്തിവച്ചെങ്കിലും രണ്ടാം ദിവസം മുതല്‍ എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായി തെരച്ചില്‍ തുടര്‍ന്നിരുന്നു. രണ്ട് ടീമായി തിരിഞ്ഞ് തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

Read More : മറയൂരിൽ 13കാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് ഒൻപത് വർഷം തടവ്

എൻഡിആർ എഫിൻറെ നേതൃത്വത്തിൽ നാലു ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിന്‍റെ കുട്ടിക്കാനത്തെ ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ ടീമും, ഫോയ‍ ഫോഴ്സും പോലീസും വനത്തിനുള്ളില്‍ നടത്തിവന്ന തെരച്ചിലിനൊടുവിലാണ് കാട്ടരുവിയില്‍ നിന്നും ഇന്ന്  മൃതദേഹം കണ്ടെത്തിയത്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് മൃതദേഹം കണ്ടെത്താനായതെന്ന് കുട്ടിക്കാനം പൊലീസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios