
തിരുവനന്തപുരം: വിഴിഞ്ഞം പുല്ലൂർക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രവളപ്പിൽ കുപ്പികളും മലിനവസ്തുക്കളും വലിച്ചെറിഞ്ഞ കേസില്‍ യുവാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂർക്കോണം സ്വദേശി സലാഹുദിൻ (33) ആണ് പിടിയിലായത്. ക്ഷേത്ര വളപ്പിലേക്ക് കുപ്പികൾ വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയിൽ നിന്ന് തിരിച്ചറിഞ്ഞാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ക്ഷേത്രത്തിന് എതിർവശത്ത് താമസിക്കുന്ന പ്രതി ഇന്നലെ പുലർച്ചെ നാല് മണിയോടുകൂടി മാലിന്യവുമായെത്തി ക്ഷേത്രവളപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു.
പതിവുപോലെ ഇന്നലെ വൈകുന്നേരം ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാൻ എത്തിയവരാണ് ശ്രീകോവിലിന് മുന്നിൽ മദ്യക്കുപ്പികൾ പൊട്ടിച്ചിതറി കിടക്കുന്നത് കണ്ടത്. മണ്ണെണ്ണ പോലെയുള്ള എന്തോ ദ്രാവകവും കുപ്പികളിൽ നിന്ന് ചിതറി കിടന്നിരുന്നു. ഒരു കുപ്പി പൊട്ടാത്ത നിലയിലും കിടന്നിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് ക്ഷേത്ര ഭാരവാഹികൾ എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസിന് കൈമാറുകയായിരുന്നു.
ഉടൻതന്നെ സ്ഥലത്ത് എത്തിയ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ എൽ. സമ്പത്ത്, വിനോദ് , ലിജോ പി മണി എന്നിവരടങ്ങിയ സംഘം പ്രതിയെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഈയടുത്തായി ക്ഷേത്രത്തിന് നേരെ സമാനമായ ആക്രമണങ്ങൾ നടന്നിരുന്നെന്ന് ഭാരവാഹികള്‍ പറയുന്നു. ഇതെ തുടർന്നാണ് ക്ഷേത്രത്തില്‍ സിസിടിവി സ്ഥാപിച്ചത്. ക്ഷേത്രപറമ്പിലേക്ക് മാലിന്യങ്ങൾ എറിയുന്നത് പതിവാണെന്നും പ്രദേശത്തെ മതസൗഹാർദവും സമാധാന അന്തരീക്ഷവും തകർക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾ തടയണമെന്നും ക്ഷേത്ര ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam