താനൂരിലെ ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം: പ്രതികള്‍ ഒളിപ്പിച്ച വാൾ കണ്ടെത്തി

By Web TeamFirst Published Nov 5, 2019, 1:26 PM IST
Highlights

കേസിൽ ഏഴു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒമ്പത് പേരുടെ നേതൃത്വത്തിലാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാണ്. കേസിൽ ഇനി പിടിയിലാവാനുള്ള രണ്ട് പേർ അറസ്റ്റിലായ പ്രതികളെയും വെട്ടിച്ച് മുങ്ങുകയായിരുന്നുവെന്നാണ് വിവരം.

താനൂർ: അഞ്ചുടിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാകിനെ കൊലപ്പെടുത്തിയ കേസിൽ ഒരു വാൾ കൂടി കണ്ടെത്തി. പിടിയിലായ ഏനീന്റെ പുരക്കൽ മുഹമ്മദ് സഫീറുമായി നടത്തിയ തെളിവെടുപ്പിലാണ് വിറക് പുരയിൽ ഒളിപ്പിച്ച വാൾ കണ്ടെത്തിയത്.  കനോലി കനാലിന് സമീപത്തെ പറമ്പിലെ വിറക് പുരയിലായിരുന്നു സ്റ്റീൽ നിർമിത വാൾ.

ഇതോടെ സംഘം ഉപയോഗിച്ച മൂന്ന് ആയുധങ്ങൾ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ സഫീറിനെയും കൂട്ടാളികളായ ചേമ്പാളീന്റെ പുരക്കൽ ഷഹദാദ്, ചേക്കാമടത്ത് മുഹമ്മദ് സഹവാസ്, പൗറകത്ത് സുഹൈൽ എന്നിവരേയും ഇന്നലെ കോടതി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുണ്ട്.

തെളിവെടുപ്പ് ഉച്ചയ്ക്ക് ശേഷവും തുടരുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന താനൂർ സി ഐ ജസ്റ്റിൻ ജോൺ പറഞ്ഞു. കേസിൽ ഏഴു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒമ്പത് പേരുടെ നേതൃത്വത്തിലാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാണ്.

കേസിൽ ഇനി പിടിയിലാവാനുള്ള രണ്ട് പേർ അറസ്റ്റിലായ പ്രതികളെയും വെട്ടിച്ച് മുങ്ങുകയായിരുന്നുവെന്നാണ് വിവരം. കർണ്ണാടകയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് വരുന്നതിനിടെ ട്രെയിനിൽ നിന്നാണ് ഇരുവരും മുങ്ങിയതെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു. ആക്രമണശേഷം ഒരുമിച്ചായിരുന്നു യാത്രയെന്നും ട്രെയിനിൽ നിന്ന് അപ്രത്യക്ഷരായ അവരെ കുറിച്ച് പിന്നീട് വിവരമില്ലെന്നുമാണ് അറസ്റ്റിലായവരുടെ മൊഴി.

click me!