
തിരുവനന്തപുരം: മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപ് കൽപ്പേനിയില്‍ നങ്കൂരമിട്ട അത്ഭുതമാത ബോട്ട് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. മലയാളികളടക്കം പത്ത് പേരാണ് ബോട്ടിലുള്ളത്.
ചുഴലിക്കാറ്റ് മുന്നറിയിപ്പായി ' എത്രയും പെട്ടെന്ന് ഹാര്‍ബറില്‍ ബോട്ട് പിടിക്കണം' മെന്ന സന്ദേശമാണ് ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന്, ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ട തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളടക്കം അറുപത് പേരുള്‍പ്പെടുന്ന അഞ്ച് ബോട്ടുകള്‍ ലക്ഷദ്വീപിലെ കൽപ്പേനിയില്‍ നങ്കൂരമിട്ടു. എന്നാല്‍, മഹ ചുഴലിക്കാറ്റ് ഉയര്‍ത്തിവിട്ട തിരയില്‍പ്പെട്ട് ഇതില്‍ ഒരു ബോട്ട് കരയിലേക്ക് ഇടിച്ചു കയറി. ഇതേ തുടര്‍ന്ന് അഞ്ച് ബോട്ടുകളില്‍ നാലെണ്ണത്തിന് മാത്രമാണ് ഇന്ന് ഉച്ചയോടെ കൊച്ചിക്ക് തിരിക്കാന്‍ കഴിഞ്ഞത്.
കരയിൽ ഉറച്ചുപോയ നിലയിലുള്ള അത്ഭുതമാത എന്ന പേരിലുള്ള തമിഴ്നാട് രജിസ്ട്രേഷനായ TN-15MM-3605 -ാം നമ്പർ ബോട്ടും അതിലെ മൂന്ന് മലയാളികളടക്കമുള്ള പത്ത് മത്സ്യത്തൊഴിലാളികളും ബോട്ട് വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും ദ്വീപിൽ തന്നെ തങ്ങുകയാണ്. ദ്വീപിലെ ഫിഷറീസ് ഡിപ്പാർട്ട്മെന്‍റ് തൊഴിലാളികള്‍ക്ക് വേണ്ട താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. ദ്വീപിലെ മറ്റ് സന്നദ്ധ സംഘടനകളും ഇവരുടെ സഹായത്തിനെത്തിയിട്ടുണ്ട്. ആഹാരമടക്കമുള്ള സൗകര്യങ്ങൾ ഇപ്പോളവിടെയുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ അറിയിച്ചു.
"
ശെല്‍വരാജ്, അലക്സാണ്ടര്‍, ശബരിയാര്‍, മാരിയപ്പന്‍, ഗോവിന്ദന്‍, കണ്ണദാസന്‍, മേരി വിന്‍സെന്‍റ്, മോശായി, വാസു, കുമരരാജ എന്നിവരാണ് അത്ഭുതമാത ബോട്ടിലുണ്ടായിരുന്നത്. കരയിലേക്ക് ഇടിച്ച് കയറിയ ബോട്ട് തിരിച്ച് കടലിലേക്കിറക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. ദ്വീപിലെ ഫിഷറീസ് ഡിപ്പാർട്ട്മെന്‍റ് ബോട്ട് കടലിലിറക്കാൻ ജെസിബി ഏർപ്പാട് ചെയ്തെങ്കിലും ചെലവ് മത്സ്യത്തൊഴിലാളികൾ തന്നെ നോക്കണം.
ബോട്ട് കടലിലേക്കിറക്കാൻ പറ്റിയില്ലെങ്കിൽ മത്സ്യത്തൊഴിലാളികളെ കപ്പലിൽ കയറ്റി കൊച്ചിയിലേക്കയക്കാനുള്ള സംവിധാനമുണ്ടാക്കാമെന്ന് ലക്ഷദ്വീപ് ഫിഷറീസ് ഡിപ്പാർട്ട്മെന്‍റ് ഉറപ്പ് നല്‍കിയതായും ബോട്ടിലുള്ള മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. തെക്കൻ തിരുവനന്തപുരത്തെ കൊല്ലങ്കോട്, പൊഴിയൂർ, പൂവാർ, മര്യനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കുടി, നാഗപട്ടിണം, വേളാങ്കണ്ണി, രാമനാഥപുരം എന്നിവിടങ്ങളില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞ പത്ത് ദിവസമായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam