
മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ അനധികൃത നിയമനം നടന്നെന്ന ആക്ഷേപവുമായി ഫിസിയോതെറാപ്പിസ്റ്റുകൾ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇടത് സർവീസ് സംഘടന നേതാവിനാണ് പെൻഷൻ പറ്റിയ ശേഷം നാഷണല്‍ ഹെൽത്ത് മിഷൻ മുഖേനെ അതേ ആശുപത്രിയിൽ തന്നെ വീണ്ടും നിയമനം നൽകിയിരിക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്ന ഒഴിവിലേക്ക് നോട്ടിഫിക്കേഷനോ അഭിമുഖമോ നടത്താതെ ഫിസിയോതെറാപ്പി ബുരുദം പോലും യോഗ്യതയില്ലാത്ത ആളെയാണ് ഫിസിയോതെറാപ്പിസ്റ്റായി ജില്ലാ ആശുപത്രിയിൽ നിയമിച്ചത്. 40 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഈ തസ്തികയിൽ ജോലി ചെയ്യാൻ അവസരമില്ല.
എന്നാൽ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ആരോപണ വിധേയൻ കയറിപ്പറ്റിയതെന്ന് ഫിസിയോതെറാപ്പിസ്റ്റുകൾ പറയുന്നു. വ്യക്തമായ യോഗ്യതയുണ്ടായിട്ടും നിരവധിയാളുകൾ പുറത്ത് നിൽക്കുമ്പോഴാണ് ഈ അനധികൃത നിയമനം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും ദേശിയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷൻ ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
എന്നാൽ ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല. ഇതോടെ യുവജന സംഘടനകളുമായി ചേർന്ന് സമരത്തിന് തയ്യാറെടുക്കുകയാണ് മലപ്പുറത്തെ ഫിസിയോതെറാപ്പിസ്റ്റുകൾ. എന്നാൽ, ആരോപണം അടിസ്ഥാന രഹിതമാണെന്നും ദേശീയ ആരോഗ്യ കേരളം മലപ്പുറം ജില്ലാ കോർഡിനേറ്ററിന്‍റെ ഉത്തരവ് പ്രകാരമാണ് ജോലിയിൽ പ്രവേശിച്ചതെന്നും നിയമിതനായ വ്യക്തി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam