
വള്ളികുന്നം: കണ്ണിന് ക്യാന്‍സര്‍ ബാധിച്ച ഒരു വയസുകാരിയെ സര്‍ക്കാര്‍ സഹായത്തോടെ ആംബുലന്‍സില്‍ വിദഗ്ധ ചികിത്സയ്ക്കായി തമിഴ്നാട്ടിലെ മധുരയില്‍ എത്തിച്ചു. വള്ളികുന്നം കടുവിനാല്‍ തോണ്ടാഞ്ചിറ വടക്കേതില്‍ ജിജീഷിന്റെയും സുമയുടെയും മകള്‍ ജി.എസ്. വൈഗേദിയെ ആണ് കഴിഞ്ഞ ദിവസം മധുര അരവിന്ദ് കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ ഏഴിനാണ് മാതാപിതാക്കളോടൊപ്പം വൈഗേദി വീട്ടില്‍നിന്ന് തിരിച്ചത്.
ജനുവരിയിലാണ് വൈദേഗിയുടെ ഇടതുകണ്ണിന് ക്യാൻസറുണ്ടെന്ന് കണ്ടെത്തിയത്. അന്നുമുതല്‍ മധുര അരവിന്ദ് ആശുപത്രിയിലായിരുന്നു ചികിത്സ. മൂന്നുതവണ കീമോതെറാപ്പി നടത്തി. കൊവിഡ്-19 വ്യാപിച്ചതോടെ ചികിത്സയ്ക്കായി മധുരയ്ക്ക് പോകാന്‍ ഇവര്‍ക്കായില്ല. തിരുവനന്തപുരം ആര്‍സിസിയില്‍ ഏപ്രില്‍ 16, 17 തീയതികളില്‍ ചികിത്സ നടത്തി.
വിശദമായ പരിശോധനയ്ക്ക് വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള തുടര്‍ച്ചയായ ദിവസങ്ങളാണ് അരവിന്ദ് ആശുപത്രി നിർദ്ദേശിച്ചത്. പിന്നാലെ ആര്‍.രാജേഷ് എംഎല്‍എ ആരോഗ്യമന്ത്രി കെകെ ശൈലജയുമായി ബന്ധപ്പെട്ടു. ഉടൻ തന്നെ ആംബുലന്‍സ് ഏര്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.
മാവേലിക്കരയില്‍ നിന്നാണ് ആംബുലന്‍സെത്തിയത്. ലോക്ക്ഡൗൺ ആയതിനാല്‍ തമിഴ്നാടിന് പോകുന്നതിനുള്ള പാസുകള്‍ക്ക് കളക്ടര്‍ എം അഞ്ജനയ്ക്ക് എംഎല്‍എ കത്ത് നല്‍കി. തുടര്‍ന്നാണ് യാത്രാനുമതി ലഭിച്ചത്. ജോണ്‍സി, രാഹുല്‍ എന്നിവരായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍മാര്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam