ഗോത്ര വിഭാഗക്കാരുടെ സമഗ്ര ആരോഗ്യം; 'ഊരും ഉയിരും' ക്യാമ്പിന് നൂൽപ്പുഴയിൽ തുടക്കം

By Web TeamFirst Published Sep 20, 2022, 7:48 AM IST
Highlights

ക്യാമ്പിൽ വിളർച്ച, മുരടിപ്പ്, തൂക്കക്കുറവ്, ശിശുമരണങ്ങൾ മുതലായ പ്രശ്നങ്ങൾക്കായുള്ള ആരോഗ്യ സ്ക്രീനിംഗ് നടത്തി.

കല്‍പ്പറ്റ: വയനാട്ടിലെ ഗോത്ര വിഭാഗക്കാർക്കായുള്ള സമഗ്ര ആരോഗ്യം ലക്ഷ്യമാക്കിയുള്ള  'ഊരും ഉയിരും' ക്യാമ്പ് നൂൽപ്പുഴ പഞ്ചായത്തിലെ പൊൻകുഴി പണിയ കോളനിയിൽ ആരംഭിച്ചു. സബ് കളക്ടർ ആർ ശ്രീലക്ഷ്മി ക്യാമ്പ്  ഉദ്‌ഘാടനം ചെയ്തു.  ജില്ലാ ഭരണകൂടം, പട്ടിക വർഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പ് , വനിതാ ശിശു വികസന വകുപ്പ്, യൂണിസെഫ് എന്നിവർ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിൽ വിളർച്ച, മുരടിപ്പ്, തൂക്കക്കുറവ്, ശിശുമരണങ്ങൾ മുതലായ പ്രശ്നങ്ങൾക്കായുള്ള ആരോഗ്യ സ്ക്രീനിംഗ് നടത്തി. ശുശ്രൂഷ ആവശ്യമായവർക്കു വേണ്ട മരുന്നുകളും വിതരണം ചെയ്തു. പണിയ ഭാഷയിൽ തയ്യാറാക്കിയ ബോധവത്കരണ വീഡിയോ ക്യാമ്പില്‍ പ്രദർശിപ്പിച്ചു. ആദ്യ ഘട്ടത്തിൽ വയനാട്ടിലെ എട്ടു കോളനികളിലാണ് "ഊരും ഉയിരും" പദ്ധതി നടത്തുക. രണ്ടാം ഘട്ടത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന 100 കോളനികളിലേക്കു ക്യാമ്പ് വ്യാപിപ്പിക്കും. 

ചടങ്ങിൽ നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും പട്ടിക വർഗ വകുപ്പ്  ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ്- ഐസിഡിഎസ് ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.
 

click me!