ഓപ്പറേഷൻ കനോലി കനാൽ ഒന്നാം ഘട്ടം പൂർത്തിയാക്കി

By Web TeamFirst Published Sep 7, 2018, 3:52 PM IST
Highlights

പ്രളയത്തിൽ കോഴിക്കോട് നഗരത്തെ വെള്ളത്തിലാക്കിയ കനോലി കനാല്‍ ശുചീകരണം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. നിറവ് വേങ്ങേരിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം, നഗരസഭ, വിവിധ പരിസ്ഥിതി സംഘടനകൾ തുടങ്ങിയവയുടെ സഹായത്തോടെ നടപ്പാക്കുന്ന ഓപ്പറേഷൻ കനോലികനാലിന്‍റെ  ഒന്നാം ഘട്ടമാണ്  പൂർത്തിയാകുന്നത്.  

കോഴിക്കോട്: പ്രളയത്തിൽ കോഴിക്കോട് നഗരത്തെ വെള്ളത്തിലാക്കിയ കനോലി കനാല്‍ ശുചീകരണം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. നിറവ് വേങ്ങേരിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം, നഗരസഭ, വിവിധ പരിസ്ഥിതി സംഘടനകൾ തുടങ്ങിയവയുടെ സഹായത്തോടെ നടപ്പാക്കുന്ന ഓപ്പറേഷൻ കനോലികനാലിന്‍റെ  ഒന്നാം ഘട്ടമാണ്  പൂർത്തിയാകുന്നത്.  സെപ്റ്റംബർ 28ന് ആരംഭിച്ച ശുചീകരണ പ്രവർത്തനം ഒന്നാം ഘട്ടത്തിൽ, പത്ത് ദിവസം കൊണ്ട് പ്ലാസ്റ്റിക് മാലിന്യം  ശേഖരിക്കാനായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. ഇത് ഏറെക്കുറെ പൂർത്തിയായി. 

നിത്യേന ശരാശരി 150 ചാക്ക് എന്ന കണക്കിൽ 1500 ലേറെ ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് ഇതുവരെ ശേഖരിച്ചത്. ഇവ സരോവരം ബയോ പാർക്കിനടുത്ത് ഉണക്കിയശേഷം സംസ്കരണത്തിന് അയക്കും. വടക്ക് കോരപ്പുഴ മുതൽ തെക്ക് കല്ലായിപ്പുഴ വരെ 11.2 കിലോമീറ്റർ നീളമുള്ള കനാലിൽ ശുചീകരണത്തിന് ഏറ്റവും ദുർഘടം എരഞ്ഞിപ്പാലം മുതൽ കാരപ്പറമ്പ് വരെയുള്ള പ്രദേശമായിരുന്നു. അറവ് മാലിന്യങ്ങളും പെരുമ്പാമ്പുകളും നിറഞ്ഞ ഈ പ്രദേശം അഗ്നിശമനസേനയുടെയും മറ്റും സഹകരണത്തോടെയാണ് വൃത്തിയാക്കിയത്. 

ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന വെള്ളം ശുചിയാക്കാൻ ഇവിടെ പർസ്യു എന്ന ജൈവ ലായനി സ്പ്രേ ചെയ്യുകയായിരുന്നു. അടുത്ത ഘട്ടം പ്രവർത്തനങ്ങൾക്കായി കനാലിനെ 8 വിഭാഗമായി തിരിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തും സംരക്ഷണസമിതി രൂപീകരിച്ച്, പരിസ്ഥിതി പ്രവർത്തകർ, റസിഡൻസ് അസോസിയേഷനുകൾ, നാട്ടുകാർ ഇവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുക. 

ഓരോ പ്രദേശത്തും ഓരോ 'ഹരിത കേന്ദ്രം' സ്ഥാപിക്കും, ഇവിടെ ഒരോ ഹരിത ഗാർഡിനെ നിയമിക്കും. നിർദ്ദേശങ്ങളടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കുകയും ചെയ്യും. ഓരോ പ്രദേശത്തെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനും നിറവ് വേങ്ങേരി കൂടെയുണ്ടാവും. ഒപ്പം ജില്ലാ ഭരണകൂടത്തിന്‍റെയും നഗരസഭയുടെയും ഏകോപനത്തിൽ നിയമങ്ങൾ കർശനമായി നടപ്പാക്കും. 

ക്യാമറകൾ സ്ഥാപിച്ച് മേലിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കയ്യോടെ പിടിച്ച് നടപടികൾ സ്വീകരിക്കും. നേരത്തെ പലതവണ ശുചീകരണത്തിനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടിരുന്നില്ല. ഇത്തവണ നിറവിന്‍റെ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനം വിജയം കാണുകയായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ മുഴുവൻ സമയം ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയായി. ഒപ്പം നിറവ് വേങ്ങേരി യുടെ പ്രോജക്ട് കോ-ഓർഡിനേറ്റർ ബാബു പറമ്പത്ത്, എം.എ. ജോൺസൺ, സേവ് ജില്ലാ കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ, പി. രമേശ് ബാബു, പ്രകാശ് കുണ്ടൂർ, ഷൗക്കത്ത് അലി എരോത്ത്, ഷാജു ഭായി തുടങ്ങിയവരുടെ സാന്നിധ്യവും പ്രവർത്തനങ്ങളും പദ്ധതിയുടെ വിജയത്തിന് സഹായകമായി. 

സി.ഡബ്ല്യു.ആർ.ഡി.എം, ജലസേചന വകുപ്പ് തുടങ്ങിയവയുടെ വളണ്ടിയർമാർ, വിവിധ കോളേജുകളിലെ എൻഎസ്എസ് വളണ്ടിയർമാർ,വിവിധ റസിഡൻസ് അസോസിയേഷനുകൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. വിവിധ വിദ്യാലയങ്ങളിൽ നിന്നും എത്തിച്ചേർന്ന സേവ്, എൻ.ജി.സി വളണ്ടിയർമാരായ വിദ്യാർത്ഥികളും അധ്യാപകരും പ്രവർത്തനത്തിന് ആവേശംപകർന്നു.
 

click me!