മൂന്ന് വിദ്യാർത്ഥികൾക്ക് നിർബന്ധിത ടിസി നൽകിയതിനെ തുടർന്ന് ആലുവ യുസി കോളേജിൽ കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പലിന് നേരെ കരി ഓയിൽ പ്രയോഗിക്കാൻ ശ്രമിച്ചു. സംഭവത്തിൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറി മിവ ജോളി ഉൾപ്പടെ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി: മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടിസി നല്‍കിയ സംഭവത്തില്‍ യുസി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിനി ആലീസിനു നേരെ കരി ഓയില്‍ പ്രയോഗത്തിന് ശ്രമിച്ച് കെ എസ് യു. പ്രവര്‍ത്തകര്‍. കരി ഓയില്‍ ഒഴിക്കാനുള്ള ശ്രമം തടഞ്ഞ ജീവനക്കാരുടേയും വനിതാ പൊലീസുകാരും ഉള്‍പ്പടെയുള്ളവരുടേയും വസ്ത്രങ്ങളില്‍ കരി ഓയില്‍ തെറിച്ചു. സംഭവത്തില്‍ എട്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുമായ മിവ ജോളി ഉള്‍പ്പടെ ഉള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. കോളേജ് നിര്‍ദേശത്തിന് വിരുദ്ധമായി സമയം വൈകിയും കോളേജ് യൂണിയന്‍ ഗസല്‍നൈറ്റ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കെ എസ് യു പ്രവര്‍ത്തകരായ ഹരികൃഷ്ണന്‍, അജ്മല്‍, ബാദുഷ എന്നിവര്‍ക്ക് മാനേജ്‌മെന്റ് നിര്‍ബന്ധിത ടി സി നല്‍കാന്‍ തീരുമാനിച്ചത്.
ഇതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ കെ എസ് യു അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചു. ഇതോടെ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ലാസുകള്‍ ഓണ്‍ലൈനിലായിരിക്കുമെന്ന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്താന്‍ സമരക്കാര്‍ ശ്രമിച്ചു എങ്കിലും പൊലീസ് തടഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം അന്‍വര്‍ സാദത്ത് എം എല്‍ എ കോളേജിലെത്തി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. എം.എല്‍.എ മടങ്ങിയ ശേഷം സമരക്കാര്‍ കരി ഓയിലുമായി പ്രിന്‍സിപ്പളിനെ തടയാനെത്തുകയായിരുന്നു.


