
കൊച്ചി: ലഹരിമുക്ത ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' പരിശോധനയിൽ പള്ളുരുത്തിയിൽ എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായി. പള്ളുരുത്തി ചുള്ളിക്കൽ ഹൗസിൽ അനു ജോയ് (36) ആണ് അറസ്റ്റിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം പള്ളുരുത്തി പുല്ലർ ദേശം റോഡ് സ്നേഹം ലൈനിലുള്ള പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 11 എൽഎസ്ഡി സ്റ്റാമ്പുകൾ കണ്ടെടുത്തത്. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കൊച്ചി: കൊച്ചി സിറ്റി പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയാകുകയും ചെയ്ത സ്ഥിരം കുറ്റവാളിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കടവന്ത്ര ഗാന്ധിനഗർ ഉദയ കോളനി നിവാസിയായ സുധീഷ് ടി.ആർ (45) ആണ് പിടിയിലായത്. കൊച്ചി സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ, പിടിച്ചുപറി കേസുകളിൽ പ്രതിയാണ് സുധീഷ്. ഇയാൾ നിരന്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. നഗരത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam