
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ പൊതുജന മധ്യത്തിൽ ഓട്ടോ ഡ്രൈവറുടെ അതിക്രമം. മുക്കോല ഓട്ടോസ്റ്റാൻറിലെ കടല എന്നു വിളിപ്പേരുള്ള സുരേഷാണ് പൊതുജനമധ്യത്തിൽ അതിക്രമം നടത്തിയത്. ഗൗതം മണ്ഡൽ എന്ന അന്യസംസ്ഥാന തൊഴിലാളിക്കെതിരെയാണ് സുരേഷിന്‍റെ അസഭ്യവര്‍ഷവും അതിക്രമവും.
ജോലി കഴിഞ്ഞ് മുക്കോലയിലെ മൊബൈൽ കടയിൽ റീചാർജ് ചെയ്യാൻ വന്നതാണ് ഗൗതം. സുരേഷ് ഓട്ടോറിക്ഷ അശ്രദ്ധമായി പിന്നിലേക്ക് എടുക്കവേ കടയിലേക്ക് കയറാൻ പോയ ഗൗതമിന്റെ ശരീരത്തിൽ തട്ടി. എന്താ എന്ന് ഗൗതം ചോദിച്ചതോടെ പ്രകോപിതനായ സുരേഷ് ഗൗതമിനെ പൊതുരെ അസഭ്യം പറഞ്ഞു.
"
സുരേഷ് അയാളുടെ ഐ.ഡി കാർഡ് കാണിച്ച ശേഷം താൻ മുക്കൊല സ്വദേശി ആണെന്നും നീയൊക്കെ എവിടുന്നു വരുന്നു എന്ന് എനിക്കറിയണം എന്നും നിന്‍റെ ഐഡി കാർഡ് എടുക്കെടാ എന്നും ആക്രോശിച്ച് ഗൗതമിനെ അടിച്ചു. അടി കൊടുത്ത ശേഷം ഗൗതമിന്‍റെ കാർഡ് പിടിച്ചു വാങ്ങിയ സുരേഷ് നീയിത് നാളെ പോലീസ് സ്റ്റേഷനിൽ വന്നു വാങ്ങെടാ " എന്നു പറഞ്ഞു അസഭ്യ വർഷം തുടങ്ങി.
ഇയാൾ മൂന്നു ദിവസം മുൻപ് മുക്കോലയിലെ ഒരു കടയിൽ കയറി അവിടെ നിന്ന ഒരു ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ധിച്ചു എന്ന വിവരം ഓട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞു. സുരേഷിന് വർഷങ്ങളായി കഞ്ചാവ് വിൽപന ഉള്ളതായി ആരോപണമുണ്ട്. കഞ്ചാവിന്‍റെയും മറ്റു ലഹരികളുടെയും അടിമയായ ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന സർട്ടിഫിക്കറ്റ് ഉള്ളതിനാൽ പൊലീസ് പിടിക്കില്ല എന്നാണ് പരക്കെ ആക്ഷേപം.
വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ ഒരു ഗ്രേഡ് എസ്.ഐക്ക് ബിവറേജ് ഔട്ട്ലറ്റിൽ നിന്നും മദ്യം വാങ്ങി നൽകുന്നതും ഇയാളാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ ബന്ധം ആണ് ഇയാളെ പലപ്പോഴും പോലിസിൻ്റെ കൈയ്യിൽ നിന്നും രക്ഷപ്പെടുത്തുന്നതെന്നാണ് ആരോപണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam