
പാലക്കാട്: തലയിൽ മുറിവുമായി അലഞ്ഞുതിരിഞ്ഞ് നടന്ന തെരുവുനായയെ തലക്കടിച്ച് കൊന്നുവെന്ന പരാതിയിൽ കേസ്. പത്തിരിപ്പാല സ്വദേശി സൈതവലിക്കെതിരെയാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. പത്തിരപ്പാല സെന്ററിൽ വച്ച് കഴിഞ്ഞ എട്ടാം തിയതി രാവിലെ ഒമ്പത് മണിയോടെ, തലയിൽ മുറിവുമായി നടന്ന തെരുവുനായയെ കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്തി എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഐപിസി ആക്ട് 1860 സെക്ഷൻ 429 പ്രകാരവും, മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം 1960 പ്രകാരവും കേസെടുത്ത് അന്വേഷണം നടത്താനാണ് നിര്‍ദേശം. പാലക്കാട്ടെ സനതാന അനിമൽസ് ആശ്രമം നൽകിയ പരാതിയിൽ നായയെ നാട്ടുകാരനായ സൈതലവി വടികൊണ്ട് അടിച്ച് ക്രൂരമായി കൊന്നുവെന്ന് പറയുന്നതു. ഇയാൾ പരിസരത്തുള്ള തെരുവുനായ്ക്കളെ സ്ഥിരമായി വിഷം കൊടുത്തും തല്ലിയും കൊല്ലാറുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.
തെരുവു നായ് ആക്രണം, നാലുപേര്‍ക്ക് കടിയേറ്റു, പേപ്പട്ടിയെന്ന് നാട്ടുകാര്‍
അതേസമയം, വറട്ടി പെരിങ്ങാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നര വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏങ്ങണ്ടിയൂര്‍ പടിപ്പുരക്കല്‍ ലക്ഷ്മിയുടെയും വിഷ്ണുവിന്റെയും മകന്‍ ഗൗതം കൃഷ്ണയെയാണ് നായ് ആക്രമിച്ചത്.
കുട്ടിയുടെ കക്ഷത്തിനു താഴെ ആഴത്തില്‍ കടിയേറ്റിട്ടുണ്ട്. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയതിനാലാണ് കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടത്. വീട്ടുകാർ ബഹളം വച്ചതോടെ കുട്ടിയെ വിട്ട് നായ ഓടി പോവുകയായിരുന്നു. മതില്‍ കെട്ട് ചാടി കടന്ന് എത്തിയ നായ കൂട്ടത്തില്‍ ഒരണ്ണമാണ് ഗൗതം കൃഷ്ണയെ ആക്രമിച്ചത്. കുട്ടിയെ വീട്ടുകാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നൽകി. ക്ഷേത്ര പരിസരത്ത് നായ ശല്യം രൂക്ഷമാണെന്ന് പരാതി വ്യാപകമാണ്. ഈ മേഖലയിൽ ഭീതിയോടെയാണ് ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനെത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam