കോട്ടയം നഗരത്തിലേക്കാണോ? ട്രാഫിക് ബ്ലോക്കിന് ചെറിയ ശമനമുണ്ട്!

By Web TeamFirst Published Nov 1, 2018, 9:12 PM IST
Highlights

നഗരത്തിലേക്കുള്ള ഗതാഗതക്കുരുക്കിന് ആശ്വാസമായി നാഗന്പടം പുതിയ റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ടാറിംഗ് പൂര്‍ത്തിയ ശേഷം ഉദ്ഘാടനം തീരുമാനിക്കും.

കോട്ടയം: നഗരത്തിലേക്കുള്ള ഗതാഗതക്കുരുക്കിന് ആശ്വാസമായി നാഗന്പടം പുതിയ റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ടാറിംഗ് പൂര്‍ത്തിയ ശേഷം ഉദ്ഘാടനം തീരുമാനിക്കും.

2015 മെയ് മാസത്തിൽ പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായാണ് പുതിയ പാലത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. 27കോടി 52 ലക്ഷം രൂപ മുടക്കി 14 മീറ്റര്‍ വീതിയിലാണ് പാലം പണിതത്. നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങിയതോടെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം ദുസഹമായിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. വാഹനങ്ങൾ കടത്തി വിട്ട് മെറ്റൽ നിരത്തിയിരിക്കുന്ന അപ്രോച്ച് റോഡ് ഉറപ്പിക്കും. ഒരാഴ്ച്ച വാഹനങ്ങൾ കടത്തിവിട്ട ശേഷം പുതിയ പാലം അടച്ച് ടാറിംഗ് നടത്തും.

റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാൽ വാഹനങ്ങൾക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ടുണ്ട്. പാലത്തിന് വീതി കുറവാണെന്ന പരാതിയുമുണ്ട്. റെയിൽവേ സ്റ്റേഷന്‍റെ അടുത്തുള്ള ഗുഡ്സ് ഷെഡ് റോഡിലെ പണി നടക്കുന്ന മേൽപ്പാലവും ഉടൻ ഗതാഗതയോഗ്യമാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
 

click me!