
തിരുവനന്തപുരം: മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് അമിത വേഗത്തിലെത്തിയ കാർ. നെടുമങ്ങാടിന് സമീപമുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. യുവതിക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന കുട്ടികൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം പഴകുറ്റി പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടമുണ്ടായത്. ആനാട് താഴേ പുനവക്കുന്ന് റോഡരികത്തു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (40)ആണ് മരിച്ചത്. ഹസീനയുടെ മക്കളായ ഷംന(16), റംസാന(7) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് റംസാനയെ ആശുപത്രിയിൽ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുംവഴി പഴകുറ്റിയിലെ പമ്പിൽ നിന്നും പെട്രോൾ അടിച്ചശേഷം റോഡിലേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു അമിത വേഗതയിലെത്തിയ കാർ ഇവരെ ഇടിച്ച് തെറിപ്പിച്ചത്.
പാലോട് ഭാഗത്തു നിന്നും പഞ്ഞുവന്ന കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഹസീനെ അടക്കം നാട്ടുകാർ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാനായില്ല. ഷംനയുടെയും റംസാനയുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. നെടുമങ്ങാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭർത്താവ് ബാദുഷ വിദേശത്താണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam