ഈട് നൽകിയ വീടും പറമ്പും ഒറ്റിക്ക് നൽകി ഉടമ മുങ്ങി, പിന്നാലെ ജപ്തി നോട്ടീസ്; വയോധികയും കുടുംബവും പെരുവഴിയില്‍

By Web TeamFirst Published Feb 1, 2023, 10:41 AM IST
Highlights

2018 ലാണ് ആറ്റുകാൽ സ്വദേശിയായ രമ  അവിടുത്തെ വീടും പറമ്പും വിറ്റ് പെൺമക്കളുടെ വിവാഹവും നടത്തി ബാക്കിയുണ്ടായിരുന്ന 4 ലക്ഷം രൂപ കൊടുത്ത് വിളവൂര്‍ക്കലിൽ വീട്  വിനോദിൽ നിന്നും ഒറ്റിയ്ക്കെടുത്തത്. 4 വര്‍ഷത്തേക്കായിരുന്നു കരാര്‍.

തിരുവനന്തപുരം: ബാങ്ക് വായ്പയെടുക്കാൻ ഈടു നൽകിയ വീടും പറമ്പും  ഒറ്റിക്ക് നൽകി കബളിപ്പിച്ച് വീട്ടുടമ മുങ്ങിയതോടെ കിടപ്പാടം നഷ്ടപ്പെട്ട് ദുരിതത്തിലായി വയോധികയും കുടുംബവും. തിരുവനന്തപുരം മലയിൻകീഴ് വിളവൂര്‍ക്കലിൽ കോളച്ചിറ അബ്ദുൾകലാം റോഡിൽ ശിവശക്തിയിൽ വാടകയ്ക്ക് താമസിക്കുന്ന രമയും മകനുമാണ് ഇപ്പൊൾ പെരുവഴിയിൽ ആകുന്ന സാഹചര്യത്തിൽ എത്തിയത് . വീട്ടുടമ മലയിൻകീഴ് സ്വദേശി വിനോദിന്‍റെ വീടും പറമ്പും അടുത്തമാസം 13ന് ജപ്തി ചെയ്യുമെന്നാണ് ബാങ്കിന്‍റെ മുന്നറിയിപ്പ്.

2018 ലാണ് ആറ്റുകാൽ സ്വദേശിയായ രമ  അവിടുത്തെ വീടും പറമ്പും വിറ്റ് പെൺമക്കളുടെ വിവാഹവും നടത്തി ബാക്കിയുണ്ടായിരുന്ന 4 ലക്ഷം രൂപ കൊടുത്ത് വിളവൂര്‍ക്കലിൽ വീട്  വിനോദിൽ നിന്നും ഒറ്റിയ്ക്കെടുത്തത്. 4 വര്‍ഷത്തേക്കായിരുന്നു കരാര്‍. പ്രമാണത്തിന്‍റെ പകർപ്പ്  ആണ് ഉടമയായ വിനോദ് രമയ്ക്ക്  നൽകിയത്. എന്നാൽ താമസം മാറി ആറുമാസത്തിനുള്ളിൽ ജപ്തിക്കായി ബാങ്ക് ജീവനക്കാര്‍ എത്തി. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം രമ മനസിലാക്കിയത്. ക്യാൻസർ ബാധിതനായ ഭർത്താവിന്‍റെ ആരോഗ്യവസ്ഥയും തന്‍റെ ദുരവസ്ഥയും ഉദ്യോഗസ്ഥരെ ധരിപ്പിച്ചതോടെ ഇവർ സാവകാശം നൽകി. രമയുടെ പരാതിയിൽ വീട്ടുടമ വിനോദ് അറസ്റ്റിലായി ജയിലിൽ കിടന്നെങ്കിലും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതും  ഒളിവിൽ പോയി.

18 ലക്ഷം രൂപയാണ് ആധാരം ഈടായി നൽകി വിനോദ് ബാങ്ക് വായ്പയെടുത്തത്. അതിപ്പോൾ പലിശയും സഹിതം 23 ലക്ഷമായെന്ന്  ബാങ്ക് അധികൃതർ പറഞ്ഞതായി രമ പറയുന്നു. ക്യാൻസര്‍ രോഗിയായ ഭര്‍ത്താവ് ചികിത്സയിലായിരുന്നതിനാലാണ് ബാങ്കുകാരുടെ കാരുണ്യം കൊണ്ടാണ് ഇത്രയും കാലം താമസിക്കാൻ അനുമതി നൽകിയത്. ഭർത്താവ് മരിച്ചതോടെ ഇനി അതുണ്ടാകില്ലെന്നാണ് ബാങ്കിന്‍റെ അറിയിപ്പും ലഭിച്ചു. ഒറ്റി ആധാര കരാര്‍ പ്രകാരം വീടൊഴിയുമ്പോൾ തിരിച്ച് കിട്ടേണ്ട 4 ലക്ഷം രൂപ കിട്ടില്ല എന്നായതോടെ ഇനി എങ്ങോട്ടെന്ന ചോദ്യമാണ് രമയുടെ മുന്നിൽ ഉള്ളത്.

നേരത്തെ താന്‍ പറ്റിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ രമ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീട് നാട്ടുകാരാണ് ഇവരെ സഹായിക്കാനെത്തയത്. രമയുടെ മകൻ ഇടയ്ക്കിടെ ഡ്രൈവിംഗ് ജോലിക്ക് പോയി കിട്ടുന്ന പണം കൊണ്ടാണ് ജീവിതം  ഇപ്പൊൾ മുന്നോട്ടുപോകുന്നത്. ഒരു അപകടത്തിൽ പരിക്കേറ്റതിനാല്‍ മകന് സ്ഥിരമായി ജോലിക്ക് പോകാനും സാധ്യമല്ല. ബാങ്ക് ജപ്തിക്കായി എത്തിയാല്‍ വീട് വിട്ടിറങ്ങേണ്ടിവരും. ഇതോടെ കിടപ്പാടം നഷ്ടമാകും. ദുരിതമറിഞ്ഞ് സുമനസ്സുകള്‍ സഹായഹസ്തവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് രമയും കുടുംബവും.

Read More : 'ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി വധങ്ങൾ അപകടങ്ങള്‍, രക്തസാക്ഷിത്വം ആരുടെയും കുത്തകയല്ല' : ബിജെപി മന്ത്രി

click me!