Asianet News MalayalamAsianet News Malayalam

'ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി വധങ്ങൾ അപകടങ്ങള്‍, രക്തസാക്ഷിത്വം ആരുടെയും കുത്തകയല്ല' : ബിജെപി മന്ത്രി

'സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി ഭഗത് സിംഗ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വങ്ങളെ നമ്മള്‍ കണ്ടു. എന്നാല്‍ ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മിൽ വ്യത്യാസമുണ്ട്'- ഗണേഷ് ജോഷി പറഞ്ഞു.

Uttarakhand Minister says Indira Gandhi  Rajiv Gandhi Killings Were Accidents vkv
Author
First Published Feb 1, 2023, 9:47 AM IST

ഡെറാഡൂൺ: മുന്‍ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങളാണെന്ന്  ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും അപകടങ്ങളും  രക്തസാക്ഷിത്വവും തമ്മില്‍ വിത്യാസമുണ്ടെന്നും ഗണേഷ് ജോഷി പറഞ്ഞു. ഡെറാഡൂണില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഉത്തരാഖണ്ഡ് സര്‍ക്കാരില്‍ കൃഷി, കർഷക ക്ഷേമം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതലക്കാരനാണ് ബിജെപി നേതാവായ ഗണേഷ് ജോഷി.

'സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി ഭഗത് സിംഗ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വങ്ങളെ നമ്മള്‍ കണ്ടു. എന്നാല്‍ ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മിൽ വ്യത്യാസമുണ്ട്'- ഗണേഷ് ജോഷി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സുഗമമായി പര്യവസാനിക്കാന്‍ കാരണം നരേന്ദ്ര മോദിയാണ്. അതിന് രാഹുല്‍ മോദിയോട് നന്ദി പറയണമെന്നും മന്ത്രി രാഹുല് ഗാന്ധിയുടെ കശ്മീരിലെ പ്രസംഗത്തിന് മറുപടിയായി പറഞ്ഞു.

പ്രധാനമന്ത്രി ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി നീക്കിയിരുന്നില്ലെങ്കില്‍  അവിടെ ജന ജീവിതം സാധാരണ നിലയില്‍ എത്തിയില്ലായിരുന്നു. ലാൽ ചൗക്കിൽ രാഹുൽ ഗാന്ധിക്ക് ദേശീയ പതാക ഉയർത്താൻ കഴിയുമായിരുന്നില്ല. ബിജെപി നേതാവ് മുരളി മനോഹർ ജോഷി ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തുന്ന സമയത്ത് കശ്മീരില്‍ അക്രമണങ്ങള്‍ കൂടുതലായിരുന്നുവെന്നും ഗണേഷ് ജോഷി പറഞ്ഞു. 

ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താൻ ആകില്ലെന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 'ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താൻ ആകില്ല. കാരണം അവർക്ക് ഭയമാണ്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം പോലൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്രമോദിക്കോ അമിത് ഷാക്കോ അജിത് ഡോവലിനോ മനസ്സിലാകില്ല. എന്നാൽ കശ്മീരിലെ ജനങ്ങൾക്കും സൈനികർക്കും അത് മനസ്സിലാകും. പുൽവാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസ്സിലാകും'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

Rea More : 'പ്രാർഥനാ സമയത്ത് ഇന്ത്യയിൽ പോലും ഭക്തർ കൊല്ലപ്പെടില്ല'; വിവാദ പരാമർശവുമായി പാക് മന്ത്രി

Follow Us:
Download App:
  • android
  • ios