
തിരുവനന്തപുരം: കോവളത്ത് കടലിനടിയിൽ കപ്പലിന്‍റെ കണ്ടെയ്നറിന്‍റെ ഒരു ഭാഗം കണ്ടെത്തി. കഴിഞ്ഞ മേയ് 25 ന് കടലിൽ മുങ്ങിയ എം എസ് സി എൽസ 3 കപ്പലിലെ കണ്ടെയിനറിന്‍റെ ഭാഗമാണ് ഇതെന്നാണ് കരുതുന്നത്. എം എസ് സി എൽസ 3 കപ്പൽ മുങ്ങിയതിന് ശേഷം ഒഴുകി നടന്ന കണ്ടെയ്നറുകൾ വിവിധ തീരങ്ങളിൽ അടിഞ്ഞിരുന്നെങ്കിലും ഇതാദ്യമായാണ് കണ്ടെയ്‌നറിന്റെ സാന്നിധ്യം കടലിനടിയിൽ നിന്നും കണ്ടെത്തുന്നത്. കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെത്തുടർന്ന് രണ്ട് ദിവസമായി നടത്തിയ തിരച്ചിലിലാണ് കണ്ടെയ്‌നർ ഭാഗം കണ്ടെത്തിയത്.
കടലിന് അടിയിലുള്ള പാറപ്പാരുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു ഇത് കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്, കൊച്ചിയിലെ സ്കൂബ ഡൈവേഴ്സ് എന്നിവർ ചേർന്നാണു തിരച്ചിൽ നടത്തിയത്. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മെയ് 24 നാണ് ചരക്കുകപ്പല്‍ മുങ്ങിയത്. മുങ്ങുമ്പോൾ എം എസ് സി എല്‍സ 3 ല്‍ അറുനൂറിൽ പരം കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്.
ലൈബീരിയന്‍ പതാക വഹിക്കുന്ന എം എസ് സി എല്‍സ 3 എന്ന കപ്പൽ 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വിസ്താരവുമുണ്ടായിരുന്നു. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം. കോവളത്തെ കടലിനടിയിൽ കണ്ടെത്തിയ കണ്ടയ്നറിൽ എന്തെന്നുള്ളത് പരിശോധിച്ച് കരയിലേക്കെത്തിക്കാനാണ് ശ്രമം.
അതേസമയം കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേരളം നേരത്തെ കേസെടുത്തിരുന്നു. എം എസ് സി എൽസ 3 കണ്ടെയ്‌നർ കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തിട്ടുള്ളത്. എം എസ് സി എൽസ 3 കണ്ടെയ്‌നർ കപ്പൽ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേരളം കേസ് എടുത്തിട്ടുള്ളത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് എം എസ് സി എൽസ 3 കണ്ടെയ്‌നർ കപ്പൽ കൊച്ചി തീരത്തിന് സമീപം അപകടത്തിൽപ്പെട്ടത്. ലൈബീരിയൻ പതാകയുമായെത്തിയ എം എസ് സി എൽസ 3 എന്ന പേരുള്ള ഫീഡര്‍ കപ്പലാണ് അപകടത്തിൽപ്പെട്ടത്. 400 ലധികം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. 83.91 മീറ്റര്‍ നീളവും 25.3 മീറ്റര്‍ വീതിയുമുള്ള ഫീഡർ സർവീസ് വിഭാഗത്തിൽപ്പെട്ട കപ്പലാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞത്ത് മദർഷിപ്പുകൾ എത്തിക്കുന്ന ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിൽ എത്തിക്കുന്നത് അപകടത്തിൽപ്പെട്ട കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫീഡർ കപ്പലുകളിലാണ്.