
മൂന്നാര്‍: ഇടുക്കി കുറ്റിയാര്‍വാലിക്ക് സമീപം ഇന്നലെ വൈകീട്ട് വാഹന യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് പടയപ്പ. വാഹനങ്ങളിലെത്തിയവര്‍ പ്രകോപിച്ചതിനെ തുടര്‍ന്ന് പടയപ്പ അക്രമാസക്തനായി. രണ്ട് ബൈക്കുകള്‍ തകര്‍ത്തു. ഇന്നലെ വൈകീട്ട് റോഡിലേക്കിറങ്ങിയ പടയപ്പയുടെ മുന്നിലും പിന്നിലും വാഹനങ്ങള്‍ എത്തിയതോടെയാണ് സംഭവം. ഇരുവശവും വാഹനങ്ങള്‍ നിര്‍ത്തിയതോടെ പയപ്പയ്ക്ക് മുന്നോട്ടോ പിന്നോട്ടോ പോകാന്‍ പറ്റാതായി. ഇതിനിടെ വാഹനങ്ങളില്‍ നിന്ന് നിരന്തരം ഹോണ്‍ മുഴക്കിയതോടെ പടയപ്പ പ്രകോപിതനായി. ഇതിനിടെ ആളുകള്‍ വാഹനങ്ങളില്‍ നിന്ന് ഇറങ്ങി പടയപ്പയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതും പ്രശ്നമായി. ഇതിനിടെ മുന്നിലുണ്ടായിരുന്ന രണ്ട് ബൈക്കുകള്‍ പടയപ്പ തുമ്പിക്കൈ ഉപയോഗിച്ച് മറിച്ചിട്ടു. ഏറെ നേരെ ഗതാഗതം തടസപ്പെട്ടുത്തിയ കാട്ടാന, മുന്നോട്ട് നീങ്ങിയതോടെ മുന്നിലുള്ള വാഹനങ്ങള്‍ പിന്നോട്ടെടുത്തു. പിന്നാലെ പടയപ്പ കാട്ടിലേക്ക് തന്നെ നടന്നു നീങ്ങിയത് വലിയ അപകടം ഒഴിവാക്കി.
വനത്തിലൂടെ യാത്ര ചെയ്യുന്നവര്‍ വലിയ രീതിയില്‍ ഹോണ്‍ മുഴക്കരുതെന്നും ഹെഡ് ലൈറ്റുകള്‍ ബ്രൈറ്റാക്കി മൃഗങ്ങള്‍ക്ക് നേരെ ഉപയോഗിക്കരുതെന്നും വനം വകുപ്പിന്‍റെ നിര്‍ദ്ദേശമുള്ളപ്പോഴാണ് ആളുകള്‍ കാട്ടാനകളെ കാണുമ്പോള്‍ ഹോണ്‍ മുഴക്കിയും വാഹനം ഇരുപ്പിച്ചും മൃഗങ്ങളെ ശല്യം ചെയ്യുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വന്യമൃഗങ്ങള്‍ പ്രകോപിതരാകുന്നതിനാലാണ് വനം വകുപ്പ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ വച്ചത്. എന്നാല്‍, വനത്തിലൂടെ യാത്ര ചെയ്യുന്ന മിക്കയാത്രക്കാരം വനം വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനിടെ പാലക്കാട് ധോണിയില്‍ പിടി 7 എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടാന ഒരു സ്ഥിരം ശല്യക്കാരനായി മാറുന്നുവെന്ന പരാതിയും ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചകളില്‍ നിരവധി തവണ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാന, പ്രദേശത്തെ കൃഷി വ്യാപകമായി നശിപ്പിക്കുന്നുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് വനം വകുപ്പിന്‍റെ വാഹനങ്ങള്‍ പ്രദേവാസികള്‍ തടഞ്ഞു. പിടി 7 നെ നാട്ടിലിറങ്ങുമ്പോഴൊക്കെ കാട്ടിലേക്ക് തന്നെ തിരിച്ച് വിടാതെ മയക്ക് വെടി വച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.