
അമ്പലപ്പുഴ: രണ്ടാം കൃഷി വെള്ളത്തിൽ മുങ്ങിയതിന്റെ നഷ്ടം ബാധ്യതയായതിന് പിന്നാലെ കിളിശല്യത്തിൽ പുഞ്ചകൃഷി നഷ്ടത്തിലായത് കുട്ടനാട് കർഷകരെ കണ്ണീരിലാഴ്ത്തി. പുന്നപ്ര കൃഷിഭവന്റെ പരിധിയിൽ തെക്കേ പൂന്തുരം, പൂന്തുരം, നൂറ്റമ്പത്, പൊന്നാകരി തുടങ്ങിയ ആയിരത്തിലേറെ ഏക്കറുള്ള പാടശേഖരങ്ങളിലാണ് കിളിശല്യം രൂക്ഷമായത്. കൊയ്യാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കൂട്ടത്തോടെയെത്തുന്ന കിളികൾ കതിരിൽ നിന്നും അരിമണികൾ കൊത്തി തിന്നുകയാണ്.
നേരം പുലരുമ്പോൾ മുതൽ ഉച്ചവരെയും പിന്നീട് വൈകീട്ട് നാല് മുതൽ സന്ധ്യവരെയും തുടർച്ചയായിട്ടാണ് ഇവയുടെ ശല്യം. ഒച്ച വെച്ചും പടക്കം പൊട്ടിച്ചും തോരണങ്ങൾ വലിച്ച് കെട്ടിയും നെൽ കൃഷി സംരക്ഷിക്കാൻ കര്‍ഷകര്‍ പെടാപാട് പെടുന്നുണ്ടെങ്കിലും കിളിശല്യത്തിന് മാത്രം കുറവില്ല. പാടശേഖരത്തിന്റെ പുറംബണ്ടിലെ കരകം കാടുകളിലാണ് കുരുവി ഇനത്തിൽപ്പെട്ട പക്ഷികൾ ചേക്കേറുന്നത്. കരകം കാട് വെട്ടിക്കളയണമെന്ന് കൃഷിഭവൻ ഉദ്യോഗസ്ഥരോട് നിരവധി തവണ ആവശ്യപ്പെട്ടതായി കർഷകർ പറയുന്നു.
കിളിശല്യത്തെപ്പറ്റി പലതവണ പരാതിപ്പെട്ടിട്ടും കൃഷിഭവന്‍ നടപടി എടുത്തില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടാം കൃഷി വെള്ളം കയറി നശിച്ചതിന്റെ നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ല. ഏക്കറിന് 40,000 രൂപയായിരുന്നു ചെലവ്. കടവും കാർഷിക വായ്പയും എടുത്താണ് പലരും കൃഷിയിറക്കിയത്. എന്നാൽ, കൃഷി നഷ്ടത്തിലായതോടെ പലരുടെയും തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. വായ്പ മുടങ്ങിയതിനാൽ പലിശ ഇളവും കിട്ടുകയില്ല. ഇതിനിടയിലാണ് പ്രതീക്ഷയോടെ പുഞ്ച കൃഷി ആരംഭിച്ചത്. നല്ല വിളവായിരുന്നെങ്കിലും കിളിശല്യം രൂക്ഷമായതോടെ കർഷകരുടെ പ്രതീക്ഷയുടെ ചിറകറ്റു.
പ്രതി കൈ വിലങ്ങുമായി രക്ഷപ്പെട്ടു; ആറാം ദിവസവും ഇരുട്ടില്‍ തപ്പി പൊലീസ്
ആലപ്പുഴ: വീട്ടിൽ അതിക്രമിച്ച് കയറി പ്രാവിനെ കൊന്ന കേസിൽ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത നെഹ്റു ട്രോഫി അടിച്ചിറയിൽ ശ്യാം ലാൽ(33) ആണ് കൈവിലങ്ങുമായി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. പ്രതിക്കായി നോർത്ത്, സൗത്ത് പൊലീസ് സംയുക്തമായി ജില്ലയ്ക്കകത്തും പുറത്തും വ്യാപക തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ല. കഴിഞ്ഞ 12 -ാം തിയതി വൈകീട്ട് കരളകം കാവുവെളി നിയാസിന്‍റെ വീട്ടിലാണ്, ശ്യാം ലാൽ അതിക്രമിച്ച് കയറിയത്. ശ്യാം ലാൽ ,നിയാസിനോട് പ്രാവിനെ ചോദിച്ചെങ്കിലും നിയാസ് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതിന്‍റെ ദേഷ്യത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ശ്യാം ലാൽ പ്രാവുകളെ കൊല്ലുകയും അതിക്രമം നടത്തുകയുമായിരുന്നു. തുടര്‍ന്ന് നിയാസിന്‍റെ പരാതിയില്‍ ശ്യാം ലാലിനെ നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായ പ്രതിയെ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ശുചിമുറിയിൽ പോകണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈവിലങ്ങുമായി ശുചിമുറിയിൽ കയറിയ ഇയാൾ, പുറത്ത് രണ്ട് പൊലീസുകാർ കാവൽ നിൽക്കെ വെന്‍റിലേറ്റർ വഴി രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്നാലെ ഓടിയെങ്കിലും ശ്യാം ലാലിനെ പിടിക്കാന്‍ കഴിഞ്ഞില്ല. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ഇയാൾ ഓട്ടോറിക്ഷയിൽ തമ്പകച്ചുവട്ടിലെ ബന്ധുവീട്ടിൽ എത്തിയതായി കണ്ടെങ്കിലും പൊലീസ് എത്തുമ്പോഴേക്കും ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടു. ശ്യാം ലാല്‍ മൊബൈൽ ഉപയോഗിക്കാത്തതിനാൽ ടവർ ലൊക്കേഷൻ നോക്കിയുള്ള അന്വേഷണം നടത്താന്‍ കഴിയില്ല. വെറും സ്റ്റേഷൻ ജാമ്യത്തില്‍ പുറത്തിറങ്ങാമായിരുന്ന കേസിൽ, പ്രതി കസ്റ്റഡിയില്‍ നിന്നും വിലങ്ങുമായി രക്ഷപ്പെട്ടതോടെ പൊലീസ് കേസ് കൂടുതല്‍ ഗൗരവമുള്ളതാക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam