
സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ മാസമാണ് അനധികൃതമായി ബീഫ് സ്റ്റാള്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് പുല്‍പ്പള്ളി പഞ്ചായത്ത് അധികൃതരെത്തി കരിമം മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വെച്ച ബീഫില്‍ മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചത്. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നാലെ ഹൈക്കോടതിയില്‍ എത്തിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ അനധികൃത ബീഫ് സ്റ്റാളുകള്‍ എല്ലാം അടച്ചുപൂട്ടാൻ ഉത്തരവായിരിക്കുകയാണ് ഇപ്പോൾ. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന എല്ലാ ബീഫ് സ്റ്റാളുകളും അടച്ചുപൂട്ടാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
മരക്കടവ് സ്വദേശി സച്ചു തോമസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കരിമം മാര്‍ക്കറ്റിലെത്തി അമ്പത് കിലോ പോത്തിറച്ചി സെക്രട്ടറിയും സംഘവും നശിപ്പിക്കുമ്പോള്‍ പഞ്ചായത്ത് ഓഫീസിന് സമീപത്ത് താഴെയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ബീഫ് സ്റ്റാളുകള്‍ക്ക് നേരെ ഒരു നടപടിയും സ്വീകരിക്കാത്തതായിരുന്നു നേരത്തെ വൻ പ്രതിഷേധത്തിന് ഇടയാക്കിയത്.
ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സച്ചു തോമസ് ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ ചിക്കനും മത്സ്യവും വില്‍ക്കാന്‍ കരിമം മാര്‍ക്കറ്റിന് അനുമതിയുണ്ട്. പുല്‍പള്ളി ഗ്രാമപ്പഞ്ചായത്തില്‍ ബീഫ് വില്‍ക്കുന്നതിന് ഒരാള്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ബീഫ് വില്‍ക്കുന്ന സ്റ്റാളുകൾക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മൊ നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബീഫ് സ്റ്റാളുകള്‍ പൂട്ടാന്‍ കോടതി ഉത്തരവിട്ടത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ താഴെയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ബീഫ് സ്റ്റാളുകള്‍ പൂട്ടാനുള്ള നടപടി നാളെ തുടങ്ങും. നേരത്തെ കരിമം ഫിഷ് ചിക്കൻ സ്റ്റാളിന്റെ ലൈസൻസ് പഞ്ചായത്ത് റദ്ദാക്കിയിരുന്നു. ചോദ്യം ചെയ്ത് നൽകിയ ഹർജയിൽ നടപടി ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബീഫിൽ മണ്ണെണ്ണയൊഴിച്ച സംഭവം നടന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam